ഹജ്ജ് സബ്‌സിഡി; സ്വാഭാവിക മരണം പ്രാപിക്കുന്ന പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊന്നു: ഡോ കെ ടി ജലീല്‍

മലപ്പുറം: സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 2023 ഓടെ പൂര്‍ണ്ണമായും ഇല്ലാതാവുന്ന ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് ഒഴിവാക്കാന്‍ തീരുമാനിച്ചത് ഒരു ബഹുമത സംവിധാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കാനേ ഉപകരിക്കൂയെന്ന് തദ്ദേശസ്വയംഭരണ ഹജ്ജ് വഖ്ഫ് മന്ത്രി ഡോ കെ ടി ജലീല്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി സബ്‌സിഡി വെട്ടികുറച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേവലം പതിനായിരം രൂപയാണ് ഒരു ഹാജിക്ക് സബ്‌സിഡിയായി ലഭിക്കുന്നത്. വരുന്ന ഓരോ വര്‍ഷവും 2000 രൂപവെച്ച് സബ്‌സിഡി കുറച്ച് 2023 ഓടെ പൂര്‍ണ്ണമായും ഇല്ലാതാവാനിരിക്കുകയാണ്. ഇതിനിടെ സ്വാഭാവിക മരണം പ്രാപിക്കാനിരിക്കുന്ന പദ്ധതിയെ കഴുത്തു ഞെരിച്ച് കൊന്നത് എന്തിനാണെന്ന് അറിയില്ല. ഈ സംഖ്യ പാവപ്പെട്ട മുസ്്‌ലിം പെണ്‍കുട്ടികളുടെ വിവാഹധന സഹായ നിധിയിലേക്ക് മുതല്‍കൂട്ടുമെന്നാണ് പറയുന്നത്. അപ്പോള്‍ 2023 ഓടെ ഈ നിധി ഇല്ലാതാവുമെന്നാണോ മനസ്സിലാക്കേണ്ടത്.

സ്വാതന്ത്രാനന്തരം ഇന്ത്യക്ക് പുറത്തേക്ക് തീര്‍ത്ഥാടനത്തിന് വേണ്ടി പോകുന്ന വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യമാണ് ഹാജിമാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി. സബ്‌സിഡി സ്വയമേവ വേണ്ടെന്നു വെക്കാനും ആവശ്യമുള്ളവര്‍ക്ക് സ്വീകരിക്കാനും സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ നടപടി വിമര്‍ശിക്കപ്പെടുമായിരുന്നില്ല. പരസ്പരം സഹകരിച്ചും സഹായിച്ചും വിവിധ മതവിഭാഗക്കാര്‍ രാജ്യത്ത് ജീവിക്കണമെന്ന താത്പര്യമാകണം ഹജ്ജ്‌സബ്‌സിഡി ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ ആരാധനായാത്രക്കുള്ള സബ്‌സിഡികള്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യയിലെ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. മതേതരത്വം തന്നെ തന്നെ ഒരു അശ്ലീല പദമാണെന്ന് പറയുന്ന കേന്ദ്രമന്ത്രിമാരുള്ള നാട്ടില്‍ ഇതിനപ്പുറം ഇനിയും എന്തൊക്കെ വരാനിരിക്കുന്നു എന്ന ആശങ്കയിലാണ് രാജ്യത്തെ മതവിശ്വാസികളെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Sharing is caring!