ശ്രീജിത്തിന് പിന്തുണയുമായി ഷഹബാസ് അമന്‍

ശ്രീജിത്തിന് പിന്തുണയുമായി ഷഹബാസ് അമന്‍

മലപ്പുറം: സഹോദരന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗായകന്‍ ഷഹാസ് അമന്‍. സമാനമായ മറ്റൊരു സംഭവം ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ ഷഹബാസ് അമന്‍ പ്രതികരിച്ചിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീജിത്തിന്റെ പ്രശ്‌നം രൂക്ഷമായി അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ (തക്ക കാരണം ഉള്ളത് കൊണ്ട് വ്യക്തിപരമായി ഏറ്റവും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന) മറ്റൊരു വലിയ സങ്കടം ഇന്നലെ കേരളത്തില്‍ നടന്നിട്ടുണ്ട്.പത്രത്തിലൊക്കെ സ്വാഭാവികമായും കുഞ്ഞു വാര്‍ത്തയാണു.അത് നോക്കണ്ട.സംഭവം ഇതാണു.തങ്കമ്മ എന്ന ഒരു പാവം സ്ത്രീ നിക്കക്കള്ളിയില്ലാതെ സ്വന്തം ജീവിതം അവസാനിപ്പിച്ചു.കെ.എസ്.ആര്‍.ടി
സി റിട്ടേഡ് ഡ്രൈവര്‍ ആയിരുന്ന(ഇതെഴുതുന്നയാള്‍ക്ക് ഓര്‍മ്മകളെ പൊള്ളിക്കുന്ന ഒരു വിശേഷണമാണു അത്) അവരുടെ തുണ ഇല്ലാതായിട്ട് കുറച്ച് കാലമായിരുന്നു.പെന്‍ഷനൊക്കെ മുടങ്ങി ജീവിതം താറുമാറായിക്കിടക്കുന്ന സ്ഥിതി.നിത്യ വകക്ക് മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടാന്‍ കഴിയാത്തവര്‍ക്ക് മനസ്സംഘര്‍ഷങ്ങള്‍ ചില്ലറയൊന്നുമല്ല ഉണ്ടാവുക.ഒരു ഭൂതല്‍കണ്ണാടിയിലൂടെ എന്നതിനേക്കാള്‍ ഈ മാനസിക അവസ്ഥയെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്!ഏതായാലും കുടുംബം പോറ്റാന്‍ കഴിയാതെ അവര്‍ വീണു പോയത് ലോക കേരള സഭ എന്ന ഒരു അനത്യാവശ്യ സ്‌കിറ്റിന്റെ ആദ്യാവതരണ ദിനത്തില്‍ത്തന്നെ ആയി എന്നത് പ്രകൃതിയുടെ നിര്‍ഭാഗ്യകരമായ ഒരു സ്വയം ട്രോളല്‍ കൂടി ആയിരുന്നിരിക്കണം.ശ്രദ്ധിച്ചാല്‍ അറിയാം അങ്ങനെയാണിതൊക്കെ സംഭവിക്കുക.ഭരണാധികാരികളുടെ കയ്യില്‍ ഇഷ്ടം പോലെ സാധനമുണ്ടാകും.പക്ഷെ കറക്ട് സിഗ്‌നല്‍ അറിയാത്ത പാവങ്ങള്‍ക്ക് അത് കിട്ടില്ല.എന്നാലോ ,അത്യാവശ്യം ഇല്ലാത്തവര്‍ വരിവരിയായി വന്ന് കൊട്ടക്കണക്കിനു എടുത്ത് കൊണ്ട് പോവുകയും ചെയ്യും.

ശരിയാണ്! അന്തരീക്ഷത്തില്‍ സങ്കടം ഉള്ളപ്പോള്‍ സന്തോഷിക്കരുതെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല ഒരു പക്ഷേ അപ്പോളാണു കൂടുതല്‍ സന്തോഷിക്കേണ്ടത് എന്നും പറയാം ! ആവട്ടെ ! പക്ഷേ അര്‍ഹിക്കുന്നവരുടെ സങ്കടപരിഹാരത്തിലേക്കായി സ്വന്തം നിലക്ക് ആത്മാര്‍ഥമായ ഒരു വിഷ് എങ്കിലും നിക്ഷേപിച്ചുകൊണ്ടാണു അങ്ങനെ ചെയ്യുന്നതെങ്കില്‍ നമുക്ക് സന്തോഷിക്കുന്നതും അത്രകണ്ട് സിന്‍സിയറായിട്ടാക്കാമല്ലോ.

ശ്രീജിത്തായാലും തങ്കമ്മയായാലും ഈ പ്രശ്‌നങ്ങളൊക്കെ പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം പറഞ്ഞതാണു!അധികാരമില്ലായ്മയില്‍ അധികാരമില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് മാത്രം ! അവരാണു നീറി നീറി മരിക്കുക . അതൊക്കെയും ധാര്‍മ്മികമായും വാക്കര്‍ത്ഥത്തിലും കൊലപാതകങ്ങളും ആയിരിക്കും!പൊതുവേ പറഞ്ഞാല്‍ ആത്മാത്ഥതയുള്ള ഒരാളും മരിക്കില്ല.അവര്‍ കൊല ചെയ്യപ്പെടുകയേ ഉള്ളു! എല്ലാ അര്‍ത്ഥത്തിലും!

അതെ! ഹൃദയമില്ലാത്തവര്‍ക്ക് വേദനിക്കയില്ലെന്നതിനാല്‍ സ്വന്തം നീറ്റലടക്കാന്‍ അതനുഭവിക്കുന്നവര്‍ മറ്റു പുതിയ വഴികള്‍ കൂടി തേടേണ്ടതുണ്ട്!

അതെങ്ങനെയുള്ളതായിരിക്കും എന്ന് കാലം കാണിച്ചുതരാതിരിക്കില്ല !

ഇമേജ്: പത്രത്തില്‍ നിന്നും കിട്ടിയത്.ലോകം ഒറ്റത്തവണ മാത്രം കാണുന്നത് കൊണ്ട് അതിനു മുന്‍പോ പിന്‍പോ വ്യക്തത ‘ആവശ്യമില്ലാത്തത്’.

Sharing is caring!