കരിപ്പൂര്‍ വഴി വ്യാപക സ്വര്‍ണക്കടത്തെന്ന് റിപ്പോര്‍ട്ട്

കരിപ്പൂര്‍ വഴി  വ്യാപക സ്വര്‍ണക്കടത്തെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: മിശ്രിത രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം പിടികുടാന്‍ സംവിധാനമില്ല, കരിപ്പൂര്‍വിമാനത്തവളം വഴി ഇത്തരം സ്വര്‍ണക്കടത്ത് വ്യാപകമായതായി ഡി.ആര്‍.ഐ അധികൃതര്‍. വിമാനത്തവളത്തില്‍ പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരെ മാത്രം. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ രണ്ടുപേരാണു ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ കരിപ്പൂരില്‍ പിടിയിലായത്. ഇരുവരേയും സംശയംതോന്നി വിശദമായി പരിശോധപ്പോഴാണ് സ്വര്‍ണം കണ്ടെത്താനായത്. സാധാരണ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇവരുടെ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചില്ല.

നിലവിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയാണു ഇത്തരം സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുമാത്രമാണ് വിമാനത്തവളത്തില്‍ ശരീര പരിശോധന നടക്കുന്നത്. ഈപരിശോധനയില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കാണാന്‍ സാധിക്കില്ല. ഇതാണ് സ്വര്‍ണക്കടത്തുലോബികള്‍ ഈരീതി വ്യാപകമാക്കാന്‍ കാരണമായത്.
സംശയം തോന്നുന്ന ചിലരെ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുമ്പോഴാണു മിശ്രിത രൂപത്തിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നത്. പിന്നീട് ഇവ വിശദമായി പരിശോധക്കയക്കുമ്പോള്‍ മാത്രമാണു സ്വര്‍ണമാണെന്ന് സ്ഥിരീകരിക്കുന്നത്.
മിശ്രിത രൂപത്തില്‍ കാലില്‍ വെച്ചുകെട്ടി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി കഴിഞ്ഞ ആറിന് ഒരാളും, മിശ്രിത രൂപത്തില്‍ അരയില്‍വെച്ചുകെട്ടിയ സ്വര്‍ണവുമായി കഴിഞ്ഞ എട്ടിന് ഒരാളുമാണ് കരിപ്പുരില്‍ പിടിയിലായത്.

കഴിഞ്ഞ ആറിന് അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വിമാനത്തില്‍ കരിപ്പൂരിലെത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍നിന്നാണ് കാലില്‍വെച്ചുകെട്ടിയ സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്. രണ്ട് കാലുകളില്‍ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകള്‍ വീതം വെച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജിട്ടാണ് ഇയാള്‍ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുളള എട്ടു പ്ലാസ്റ്റിക് കവറില്‍ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവര്‍ പൊതികള്‍ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വര്‍ണമാണ് മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ച് കലര്‍ത്തിയാണ് ഇയാള്‍ കൊണ്ടുവന്നത്.സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയിലായിരുന്നു സ്വര്‍ണം. ഇവക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 80 ലക്ഷം രൂപ വിലലഭിക്കും.

1.38 കിലോ സ്വര്‍ണം കളിമണ്‍ മിശ്രിതമാക്കി അരയില്‍കെട്ടി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പാലക്കാട് ഗൂഢല്ലൂര്‍ സ്വദേശി മുഹമ്മദ് അനസ്(26) കഴിഞ്ഞ എട്ടിന് കരിപ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ഇയാള്‍ കളിമണ്‍ രൂപത്തിലുളള മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയംതോന്നി യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിനു 41.86 ലക്ഷം രൂപ വില വരും.
സ്വണക്കടത്തിന് എല്ലാകാലത്തും കള്ളക്കടത്ത് സംഘം നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ രീതി ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. മുന്‍കാലങ്ങളില്‍ രൂപംമാറ്റിയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തുന്നതുമാണ് പതിവായിരുന്നെങ്കില്‍ ഇന്നിത് ശരീരത്തില്‍തന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. വിവിധ വസ്തുക്കള്‍ക്കുള്ളില്‍ ഒളപ്പിച്ചുകടത്തുമ്പോള്‍ ലഗേജുകള്‍ എക്‌സറെയില്‍ പരിശോധിക്കുമ്പോള്‍ വേഗത്തില്‍പിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എക്‌സറെ പരിശോധനയെ കബളിപ്പിക്കാന്‍ ഏറെ പ്രയാസകരമാണ്.

Sharing is caring!