മലപ്പുറം വലിയങ്ങാടി പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം

മലപ്പുറം വലിയങ്ങാടി പള്ളിയിലെ നേര്‍ച്ചപ്പെട്ടി  തകര്‍ത്ത് മോഷണം

മലപ്പുറം: മലപ്പുറം വലിയങ്ങാടി പള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് മോഷണം.മലപ്പുറത്ത് അന്ത്യവിശ്രമയം കൊള്ളുന്ന 44ശുഹാദാക്കളുടെ പേരിലുള്ള രണ്ട് നേര്‍ച്ചപ്പെട്ടികളുടെ പൂട്ട് തകര്‍ത്താണ് പണം മോഷ്ടിച്ചത്. ഇന്നലെ രാത്രിയാണു സംഭവം. പുലര്‍ച്ചെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് പൊട്ടിച്ച് തുറന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതിനു പുറമെ പള്ളിക്ക് എതിര്‍വശമുള്ള മറ്റൊരു പെട്ടിക്കടകളിലും മോഷണം നടന്നിട്ടുണ്ട്.
മലപ്പുറം വലിയ ജുമാഅത്ത് പള്ളിയും ശുഹദാ മഖാമും നിലകൊള്ളുന്നിടത്തെ നേര്‍ച്ചപ്പെട്ടികളിലെ പണമാണ് മോഷ്ടിച്ചത്. കഴിഞ്ഞ 30ന് നേര്‍ച്ചപ്പെട്ടി തുറന്ന് പണം എടുത്തിരുന്നതായി പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതിനാല്‍ 10ദിവസത്തെ നേര്‍ച്ചപ്പണം മാത്രമെ പെട്ടിയില്‍ ഉണ്ടാകൂവെന്നും പളളിക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം രണ്ടായിരം രൂപയോളമെ രണ്ട് നേര്‍ച്ചപ്പെട്ടികളിലുമായി ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണു പറയപ്പെടുന്നത്. പള്ളിക്ക് എതിര്‍വശമുള്ള പെട്ടിക്കടയില്‍നിന്നും അഞ്ഞൂറ് രൂപയോളംവരുന്ന ചില്ലറ പണമാണു പോയതെന്നും കടക്കാരന്‍ പറഞ്ഞു. മേഖലയില്‍ സാധാരണ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. താന്‍ 15വര്‍ഷമായി ഇവിടെ പെട്ടിക്കട നടത്തിവരുന്നയാളാണെന്നും ഈ കാലത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമെന്നും പെട്ടിക്കടക്കാരന്‍ പറഞ്ഞു.

Sharing is caring!