മമ്പുറം പാലം; ലീഗിന്റെ അവകാശവാദത്തിനെതിരെ പിപി ബഷീര്‍
തിരൂരങ്ങാടി: മമ്പുറം പാലവുമായി ബന്ധപ്പെട്ട ലീഗിന്റെ അവകാശ വാദങ്ങള്‍ക്കെതിരെ വേങ്ങര മണ്ഡലം എല്‍ഡിഎഫ് സ്ഥാനര്‍ഥിയായിരുന്ന അഡ്വ. പിപി ബഷീര്‍. മമ്പുറം പാലം; ഒരു ഓര്മ പുതുക്കല്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ലീഗിനെതിരെ രംഗത്ത് വന്നത്. മമ്പുറത്ത് പഴയ പാലം വന്നത് ലീഗ് വിരുദ്ധര്‍ കാരണമാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പുതിയ പാലം വന്നത് ലീഗിന്റെ താത്പര്യപ്രകാരമല്ലെന്നും മമ്പുറം മഖാം മാനേജ്മെന്റ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ ഉദ്ഘാടനത്തില്‍ മതിമറന്നാടുന്ന ലീഗുകാര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ് എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ പ്രത്യേകിച്ച് ഒരവകാശവും ഇല്ല. 1995ലെങ്കിലും തുടങ്ങേണ്ടിയിരുന്ന ഒരു വികസന പ്രവര്‍ത്തനം 2011 വരെ വൈകിച്ചതില്‍ മമ്പുറത്ത്കാരോട് മാപ്പ് പറയുകയാണ് യാഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് ചെയ്യേണ്ടത്.’ അദ്ദേഹം പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മമ്പുറം പാലം: ഒരു ഓര്മ പുതുക്കല്‍
മമ്പുറം കടവിലെ തോണി:….
കീരി പള്ളിയിലെ മോല്ല്യാര് ….
ഇടക്കിടെ ഉണ്ടാക്കുന്ന അടിപിടി …..
വര്‍ഷകാലത്തെ ഭീകര തോണിയാത്ര…..
സകൂള്‍ കുട്ടികളെ കുത്തിനിറച്ച തോണിയില്‍ ആടി ഉലഞ്ഞു ആര്‍ത്തട്ടഹസിച്ച് കുത്തി ഒഴുകുന്ന പുഴക്ക് കുറുകെയുള്ള സാഹസിക യാത്ര …… മൂസാക്കമാര്, ഹസ്സന് കാക്ക,കുഞ്ഞിമുഹമ്മദ് കാക്ക….. സുബൈറിന്റെയും ലത്തീഫിന്റെയും വാഴക്കാട്ടെ കാക്കുടെയും ആലസ്സന്‍ കാക്കയുടെയും കച്ചവടം …. മമ്പുറത്ത് പുതിയ പാലം ഉല്‍ഘാടനം ചെയ്യപ്പെടുകയും അതിന്റെ പേരില്‍ ലീഗ് വല്ലാതെ വണ്ണം വെക്കുകയും
ചെയ്യുമ്പോള്‍ മമ്പുറത്തേക്ക് പാലം ഉണ്ടായതിന്റെ ചരിത്രം ഓര്‍ത്തു പോകുകയാണ്.. യുണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും ഉള്ള കാലം മമ്പുറത്താണെങ്കില് യൂനിയന്‍ ലീഗും വിമത ലീഗും പിന്നെ ആന്റണി കോണ്‍ഗ്രസ്സും സി.പി.എമ്മും. ലീഗിനെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആളെ കിട്ടാത്ത കാലം; മല്‍സരിച്ചാല്‍ തന്നെ കിട്ടുന്ന വോട്ട് രണ്ടക്കം തികയില്ല അവുക്കാദര്‍ കുട്ടി നഹയാണ് സ്ഥിരം എം എല്‍ എ. എം. പിയും, പഞ്ചായത്ത് മെമ്പര്‍ എല്ലാം ലീഗ് തന്നെ. എന്നിട്ടും മമ്പുറം കടവില്‍ ഒരു പാലം കെട്ടുന്നത് സങ്കല്പ്പിക്കാന് പോലും ലീഗിന് കഴിവുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്വപനം കാണാന്‍ പോലും അന്നത്തെ യൂണിയന് ലീഗു നേതാക്കള്‍ക്ക് കഴിവുണ്ടായിരുന്നില്ല.
ഈ കാലഘട്ടത്തിലും പാലം സ്വപനം കണ്ടത് മമ്പുറത്തെ ലീഗു വിരുദ്ധരാണ് എന്നത് വാസ്തവം. ഇങ്ങനെ സ്വപനം കണ്ടവരെ ഓര്‍ത്താല്‍ …. കൊല്ലത്ത് മുഹമ്മദാജി ഓടക്കല്‍ കുഞ്ഞമ്മദ് ഹാജി പി ടി ശശി, പി.കെ. മൂസക്കുട്ടി,കെ .സി. റഹിം,പി.ടി. സുന്ദരന്‍,പി.പി. ഖാലിദ്,സി.പി.സുബൈര്‍ ഇവരെല്ലാം പ്രദേശത്തെ പ്രധാന ലീഗ് വിരോധികള്‍. ഇവര്‍ പാലത്തിന് വേണ്ടി ഒപ്പ് ശേഖരണം നടത്താന്‍ തീരുമാനിച്ചു എങ്ങനെയാണ് നിവേദനം തയ്യാറാക്കുക ആര്‍ക്കും അറിഞ്ഞ് കൂടാ… അവസാനം യുവാക്കളായ ശശിയേട്ടനും, ഖാലിദ് കാക്കയും സുബൈറും എല്ലാം കൂടി ഒരു നിവേദനം തയ്യാറാക്കി ആരോ ഉപദേശിച്ചത് പ്രകാരം മുദ്ര കടലാസിലാണ് നിവേദനം തയ്യാറാക്കിയത്… ഉത് ഒപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ലീഗുകാര്‍ നയം വ്യക്തമാക്കി ‘വിമതന്റെ പാലം നമ്മക്ക് വേണ്ട’ അവര്‍ ഒപ്പിടാന്‍ തയ്യാറായില്ല. ഒന്ന് രണ്ട് പ്രമുഖ (പീറ ) ലീഗുകാര്‍ അവിടെയും നിന്നില്ല.
അവര്‍ നിവേദനത്തില്‍ കുത്തി വരച്ചു. വിമത ലീഗിനോടുള്ള എല്ലാ ദേഷ്യവും അവര്‍ അങ്ങനെ പ്രകടിപ്പിച്ചു. അന്നത്തെ വിമത ലീഗിന്റെ നേത്രത്വം സി.എച്ച്. പ്രസ്സിലാണ്. നിവേദനവും കൊണ്ട് ലീഗു വിരുദ്ധര്‍ പ്രസ്സിലേക്ക് പോയി. ഇബ്രാഹിം ഹാജിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. പിന്നീട് കോഴിക്കോട് പോയി മന്ത്രി പി എം അബൂബക്കറെ കണ്ടു. അങ്ങനെ ഒരു സ്വപ്നത്തിന് ചിറക് മുളച്ചു. അപ്പോഴും പീറ ലീഗുകാര്‍
പുലമ്പികൊണ്ടിരുന്നു. ‘ വിമതന്റെ പാലം നമുക്ക് വേണ്ട’ . മന്ത്രി മമ്പുറത്ത് വന്നു കൂടെ എഞ്ചിനീയര്‍മാരും മന്ത്രിയും ഉദ്ധ്യോഗസ്ഥരും വന്നപ്പോള്‍ ലീഗിന്റെ പരിപൂര്‍ണ നിസ്സഹകരണം. പുഴയുടെ വീതി അളക്കണം. അതിന് കടത്ത് തോണി ഉപയോഗിക്കുന്നത് പോലും തടഞ്ഞു. മൂസ കുട്ട്യാക്ക ടേപ്പ് പിടിച്ച് നീന്തിയാണ് പുഴയുടെ വീതി അളന്നത്. മന്ത്രിക്ക് കൊടുക്കാനുള്ള ഇളനീര് പോലും പള്ളിപ്പാടത്ത് നിന്ന് കിട്ടിയില്ല. വടക്ക് നിന്ന് കൊണ്ട് വരേണ്ടി വന്നു. പരിപൂര്‍ണ നിസ്സഹകരണം. പുത്തന്‍ മാളിയക്കല്‍ നിന്ന് കോഴി ബിരിയാണി തിന്നാനാണ് മന്ത്രി വന്നത് എന്ന പരിഹാസം. കളിയാക്കല്‍. ഇതായിരുന്നു ലീഗിന്റെ നിലപാട്.
എന്നാല്‍ വിമത മന്ത്രി വാക്ക് പാലിച്ചു. കടലാസില്‍ പണി തുടങ്ങി; കൂടെ പാലത്തിങ്ങല്‍ ചുഴലി പാലവും. രണ്ടിടത്തും നടപ്പാലമായിരുന്നു ആദ്യത്തെ പദ്ധതി. പാലത്തിങ്ങലെ പാലം മൊയ്തീന് കുട്ടി ഹാജി ഇടപ്പെട്ട് വാഹനം പോകാവുന്ന പാലമാക്കി. ഉടനെ മമ്പുറത്തെ വിമതരും ഇടപ്പെട്ടു. അങ്ങനെയാണ് ആദ്യം വിഭാവനം ചെയ്ത നടപ്പാലം ഇന്നു കാണുന്ന പാലമായി മാറിയത്. എന്നാല്‍ പി എമ്മിന് തറക്കല്ലിടാന്‍ കഴിഞ്ഞില്ല മന്ത്രിസഭ മാറി. തറക്കല്ലിട്ടത് പിന്നെ വന്ന വകുപ്പ് മന്ത്രിയാണ് ‘ സി എച്ച് മുഹമ്മദ് കോയ. പണി ഇഴഞാണ് നീങ്ങിയത് അതിനിടക്ക് തോണി അപകടം 1987ലെ ഇടത് ഭരണം ടി.കെ. ഹംസ പൊതുമരാമത്ത് വകുപ്പ് മന്ത്രി അപകടത്തെ തുടര്‍ന്ന് മന്ത്രി സ്ഥലത്ത് വന്നു പണിക്ക് ഗതിവേഗം വന്നു ടി.കെ. ഹംസ പാലത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഇവിടെയും (പീറ) ലീഗിന് കുരു പൊട്ടി. ടി കെ ഹംസ പാലം ഉല്‍ഘാടനം ചെയ്യുകയൊ? സഹിക്കാന്‍ വയ്യ. വിമത പാലം വേണ്ടെന്ന് പറഞ്ഞവര്‍ക്ക് ടി.കെ. ഹംസ ഉല്‍ഘാടനം ചെയ്തത് കൊണ്ട് ‘നജസാ ‘ യി മാറിയ പാലം പൊളിച്ച് കളയാന്‍ കഴിയില്ലല്ലൊ? പക്ഷെ ഒരു കാര്യം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ടി.കെ.ഹംസയുടെ പേരുള്ള ശിലാഫലകം അവര്‍ പൊളിച്ച് കളഞ്ഞു ഇരുട്ടിന്റെ മറവില്‍ വെട്ടിരുമ്പ് കൊണ്ട് മാര്‍ബിള്‍ ഫലകം കുത്തി കുത്തിപൊളിച്ച് കളഞ്ഞു. സിപി എമ്മിനോടും ഹംസാക്കയോടും വിമതന്റെ പാലത്തിനോടുമുള്ള കെറു അങ്ങനെ തീര്‍ത്തു.
പഴയ പാലത്തിന്റെ വടക്കെകരയില്‍ ലീഗിന്റെ അസഹിഷ്ണുതയുടെ സ്മാരകമായി ഈ മാര്‍ബിള്‍ ഫലകം വെച്ചിരുന്ന ഒഴിഞ്ഞ സ്ഥലം ഇപ്പോഴും കാണാം. എതിര് വശത്ത് കാര്യമായ കേടുപാടില്ലാത്ത സി.എച്ചിന്റെ പേരുള്ള ഫലകവും കാണാം. ( ശിഹാബ് തങ്ങള്‍ ആരാന്റെ പറമ്പില്‍ ഹജ്ജ് ഹൗസിന്നിട്ട ശിലാഫലകം ഹജ്ജ് ഹൗസിന്റെ ചുമരില്‍ സ്ഥാപിച്ച പാലോളി മുഹമ്മദ് കുട്ടിയെന്ന മന്ത്രിയെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. രണ്ട് പാര്‍ട്ടികളുടെ സംസകാരത്തിലുള്ള വ്യത്യാസം ഇതില്‍ നിന്നും മനസ്സിലാക്കാം ) മമ്പുറത്തെ പഴയ പാലം യാഥാര്‍ത്ഥ്യമായത് മമ്പുറത്തുള്ള ലീഗ് വിരുദ്ധരുടെ (അന്നത്തെ അഖിലേന്ത്യാ ലീഗക്കെുള്ള) ശ്രമഫലമായിരുന്നു എന്ന കാര്യം നാം മറക്കാന്‍ പാടില്ല. പഴയ പാലം ഉല്‍ഘാടനം ചെയത് അധികം കഴിയുന്നതിന് മുമ്പ് തന്നെ അതിന്റെ പോരായ്മ എല്ലാവര്ക്കും ബോധ്യപ്പെട്ടു. വീതി കൂടിയ പാലം വേണമായിരുന്നുവെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. കാലം കടന്ന് പോയി. മമ്പുറത്തുകാരുടെ ഈ ആവശ്യം എറ്റെടുക്കാന്‍ മാര്‍ ആരും തയ്യാറായില്ല. ഉപ മുഖ്യമന്ത്രിയായിരുന്ന നഹക്ക് പോലും (അദ്ധേഹം തന്നെയായിരുന്നു പൊതുമരാമത്ത് ‘ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്) ഇതിന് കഴിഞ്ഞില്ല.
ഈ അവശ്യം നേതാക്കളുടെ മുന്നില്‍ ഉന്നയിക്കാന്‍ മമ്പുറത്തെ ലീഗുകാര്‍ക്ക് ഇഛാശക്തിയുണ്ടായിരുന്നുമില്ല. 1995 ല്‍ AK ആന്റണി മുഖ്യമന്ത്രിയായിട്ട് ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു.’ഞാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാല്‍ ഉടനെ പാലത്തിന്റെ കാര്യം നോക്കും’ എന്നായിരുന്നു അന്ന് മുഖ്യമന്ത്രി ആന്റണി നല്കിയ വാഗധാനം. അത് പാഴ്വാക്കായിരുന്നുവെന്ന് കാലം തെളിയിച്ചു. കടലുണ്ടി പുഴയിലൂടെ വെള്ളം കുറെ ഒഴുകി പോയി. മാര്‍ പലരും വന്നു പോയി. മമ്പുറത്തുകാരുടെ ആവശ്യം ആരും പരിഗണിച്ചില്ല. ഈ കാലത്ത് മമ്പുറം കടവത്ത് ഒരു തൂക്കുപാലം എങ്കിലും പണിത് ഗുരുതരമായ യാത്രാ പ്രശനത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത് CPM മാത്രമായിരുന്നു എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ഞങ്ങള്‍ പോസ്റ്റര്‍ പതിച്ചപ്പോള്‍ ഞങ്ങളെ തെറി പറഞ്ഞ് ഹാലിളകിയ ആളുകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. [ ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് യെ കുറ്റപ്പെടുത്താനുംരാഷ്ടീയ മുതലെടുപ്പിക്കും വേണ്ടിയാണെന്നായിരുന്നു ഇവരുടെ പക്ഷം ] 1995 ലായിരുന്നു ഉപതിരഞ്ഞെടുപ്പ് ; 22 വര്‍ഷങള്‍ക്ക് മുമ്പ് . എന്നാല്‍ 2011ല്‍ കുഞ്ഞാലിക്കുട്ടി ആകുന്നത് വരെ ഒന്നും നടന്നില്ല. ഇതിനിടക്ക് കുട്ടി അഹമ്മത് കുട്ടിയും , കുഞ്ഞാലിക്കുട്ടി കേയിയും എല്ലാം വന്ന് പോയി. ആരും ഈ ആവശ്യം പരിഗണിച്ചില്ല.
കുഞ്ഞാലിക്കുട്ടി പോലും ഈ ആവശ്യം പരിഗണിച്ചത് ലീഗിന്റെ (പഞ്ചായത്തിലെയും മമ്പുറത്തെയും) താല്പര്യപ്രകാര മോ ആവശ്യ പ്രകാരമോ ആയിരുന്നില്ല എന്നതല്ലെ വാസ്തവം. മഖാം മേനേജ് ചെയ്യുന്ന ആളുകളാണ് ഇതിന് വേണ്ടി താല്പര്യപ്പെട്ടത്. (അതും ലീഗ് തന്നെയെന്നത് സമ്മതിക്കുന്നു: ശാഫി ഹാജി പാലത്തിന്മേല് നിന്ന് തെരെഞ്ഞെടുപ്പ് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക) 2006ല്‍ കുറ്റിപ്പുറത്തെ വോട്ടര്‍മാര്‍ പഠിപ്പിച്ച പാഠം കുഞ്ഞാലിക്കുട്ടി മറന്നിരുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ ശിക്ഷിക്കുമെന്ന തിരിച്ചറിവ് ഇതിനകം അദ്ധേഹം സ്വായത്തമാക്കിയിരുന്നു. ഒരര്‍ത്ഥത്തില്‍ പുതിയ പാലം യാഥാര്ത്ഥൃമാക്കിയതില് കുറ്റിപ്പുറത്തുകാര്ക്കും ഒരു വലിയ പങ്കണ്ട്. ഉല്ഘാടനത്തില് മതിമറന്നാടുന്ന ലീഗുകാര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ് എന്നോര്‍ക്കുക. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ പ്രത്യേകിച്ച് ഒരവകാശവും ഇല്ല. 1995ലെങ്കിലും തുടങ്ങേണ്ടിയിരുന്ന ഒരു വികസന പ്രവര്‍ത്തനം 2011 വരെ വൈകിച്ചതില്‍ മമ്പുറത്ത്കാരോട് മാപ്പ് പറയുകയാണ് യാഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് ചെയ്യേണ്ടത്.
2016ലെ പൊതു തിരഞ്ഞെടുപ്പിലും, പിന്നീട് നടന്ന 2 ഉപതിരഞ്ഞെടുപ്പുകളിലും ലീഗ് അവകാശപ്പെട്ടിരുന്നത് മമ്പുറം പാലം കുഞ്ഞാലിക്കുട്ടിയുടെ വികസന പ്രവര്‍ത്തനമാണ് എന്നായിരുന്നു. ഫ്ലക്സ് ബോര്‍ഡുകളിലും വികസന രേഖയിലും പ്രസംഗങ്ങളിലും എല്ലാം ഇതു തന്നെയായിരുന്നു ലീഗിന്റെ അവകാശവാദം. കുഞ്ഞാലിക്കുട്ടിയുടെ നേട്ടമാണെങ്കില്‍ അതിന്റെ ഉല്‍ഘാടനം വേങ്ങര യുടെ അദ്ധ്യക്ഷതയില്‍ വേങ്ങര മണ്ഡലത്തില്‍ ഉള്‍പ്പെട്ട മമ്പുറത്ത് വെച്ചല്ലേ നടത്തേണ്ടത് ?
എതൊരു പാലത്തിനും രണ്ട് കരയുണ്ട്. അത് കൊണ്ട് തറക്കല്ലിടല്‍ മമ്പുറത്തായതിനാല് ഉല്‍ഘാടന ചടങ്ങ് തിരൂരങ്ങാടിയ വേണ്ടെ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കാരണം പാലം ഉണ്ടാക്കിയത് മമ്പുറത്ത് കാരുടെയും മമ്പുറത്ത് വരുന്നവരുടെയും യാത്രാ പ്രശ്നം പരിഹരിക്കാനാണ് . തിരൂരങ്ങാടി കാരുടെ യാത്രാപ്രശ്നം പരിഹരിക്കാനല്ല: പാലത്തിന്റെ പ്രയോജനംഅവര്ക്ക് കൂടി കിട്ടുന്നുവെന്ന് മാത്രം.
ഉല്‍ഘാടന ചടങ്ങ് തിരൂരങ്ങാടിയിലേക്ക് മാറ്റിയത് ലീഗിന്റെ രാഷ്ട്രീയ തീരുമാനമാണ്. അബദു റബ്ബ് യുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം.വേങ്ങര സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ മൂകസാക്ഷി മാത്രമായതും തിരൂരങ്ങാടി കാര്യകര്ത്താവായതുമെല്ലാം ഈ രാഷട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. മമ്പുറം പാലം അടുത്ത തെരഞ്ഞെടുപ്പില്‍ അബ്ദുറബ്ബിന്റെ വികസന നേട്ടമായി ഉയര്‍ത്തി കാണിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്.
കഥയറിയാത്ത യൂത്ത് ലീഗുകാരും അന്യ നാട്ടുകാരും വല്ലാതെ തുള്ളുന്നതില്‍ (നവമാധ്യമങ്ങളില്‍ തള്ളുന്നതില്‍) അവരെ കുറ്റം പറഞ്ഞിട്ട്കാര്യമില്ല. അവര്‍ക്ക് ചരിത്ര വസ്തുതകള്‍ അറയില്ല. രാഷ്ട്രീയത്തിനെല്ലാം അപ്പുറം ഞങ്ങള്‍ മമ്പുറത്തുകാര്‍ ഈ സുദിനം ആഘോഷിക്കുകയാണ്. തൊടിതോരണങ്ങള് മത്സരിച്ച് കെട്ടുമ്പോഴും ആഘോഷത്തില്‍ ഞങ്ങള്‍ ഒറ്റകെട്ടാണ്. രാഷ്ട്രീയാതീതമായ സന്തോഷവും ആനന്ദവും ഈ ദിനം ഞങ്ങള്‍ക്ക് പകരുന്നുണ്ട്. ആഘോഷ വേളയുടെ നിറം കെടുത്താനല്ല ഈ കുറിപ്പ്. മറിച്ച് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്; ചരിത്രാന്വേഷണമാണ്; തിരിച്ചറിവാണ്. ഈ കുറിപ്പിലൂടെ ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ധേശിച്ചിട്ടില്ല. വസ്തുതകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അത് ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചെങ്കില്‍ സദയം ക്ഷമിക്കുക !!
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]