സ്വന്തം സമുദായത്തെ പോലും ഒന്നായി കാണാന്‍ ലീഗിനാകില്ല: കെ.ടി ജലീല്‍

സ്വന്തം സമുദായത്തെ പോലും ഒന്നായി കാണാന്‍  ലീഗിനാകില്ല: കെ.ടി ജലീല്‍

മലപ്പുറം: സ്വന്തം സമുദായത്തെപോലും ഒന്നായി കാണാനാന്‍ കഴിയാത്ത മുസ്ലിംലീഗ് എങ്ങിനെ മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും വര്‍ഗീയതയെ ചെറുക്കാനും സാധിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.

സമുദായത്തിലെ അവാന്തര വിഭാഗങ്ങളെപോലും ചേര്‍ത്ത് നിര്‍ത്താന്‍ ലീഗിന് കഴിയുന്നില്ല, മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി തങ്ങളെയും പാണക്കാട് മുനവ്വറലി തങ്ങളേയും തക്കീത് ചെയ്ത് ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ലീഗ് നേതൃത്വം. മലപ്പുറം ഒരു പാര്‍ട്ടിക്ക് മാത്രം തീറെഴുതിക്കൊടുത്തതാണെന്ന് ആരും വിചാരിക്കേണ്ട, എല്ലാവരേയും ഒന്നായി കാണുന്ന പാര്‍ട്ടിയെയാണ് മലപ്പുറത്തെ ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളന സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ജലീല്‍.

കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന അനുബന്ധ പരിപാടികള്‍ക്കും, മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തിനും സമാപനമായി. ഇന്നലെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും, വിവിധ റോഡുകളില്‍ നിന്നും ആരംഭിച്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന ബഹുജന റാലിയും ആറ് മണിയോടെ ഫിദല്‍ കാസ്‌ട്രോ നഗറിലേക്ക് (പടിപ്പുര സ്‌റ്റേഡിയം) ഒഴുകിയെത്തി. പൊതുസമ്മേളനത്തില്‍ വി.ശശികുമാര്‍ സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.വിജയരാഘവന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എ.കെ.ബാലന്‍, പാലോളി മുഹമ്മദ് കുട്ടി, ബേബി ജോണ്‍, ടി.പി.രാമകൃഷ്ണന്‍, ഡോ.കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.രമേശന്‍ നന്ദിയും പറഞ്ഞു.

Sharing is caring!