മമ്പുറം പാലം ഉദ്ഘാടനം നാളെ

മമ്പുറം പാലം  ഉദ്ഘാടനം നാളെ

തിരൂരങ്ങാടി: മമ്പുറം പാലത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു മമ്പുറം പാലം. ഏറെ തടസ്സങ്ങള്‍ നിറഞ്ഞ നിര്‍മാണം വേഗത്തിലാക്കിയതും തടസ്സം നീക്കിയതും യുഡിഎഫ് സര്‍ക്കാരിന്റെയും സ്ഥലം എംഎല്‍എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലാണ്.

2014 സെപ്റ്റംബറില്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. 21 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. 250 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഇരു കരകളും തമ്മില്‍ 18 മീറ്റര്‍ ഉയരവ്യത്യാസമുണ്ട്. ഉയരവ്യത്യാസം പാലം നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചപ്പോള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി നിര്‍മാണം വേഗത്തിലാക്കിയതും പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു.

മലപ്പുറംപരപ്പനങ്ങാടി റോഡിനേയും മമ്പുറം മഖാമിലൂടെ ദേശീയ പാത 17 നേയും ബന്ധിപ്പിച്ച് കടലുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മമ്പുറം പാലം യാഥാര്‍ഥ്യമാവുന്നതോടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവും. ഇന്ത്യയിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെത്തുന്ന വിശ്വാസികള്‍ക്കാണ് പാലത്തിന്റെ ഗുണം ഏറെ ലഭിക്കുക. ഒരേ സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുമായിരുന്ന ചെറിയ പാലമായിരുന്നു മമ്പുറം മഖാമിലേക്ക് ഇതുവരെ ആശ്രയിച്ചിരുന്നത്. പഴയ പാലത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും മലപ്പുറം പരപ്പനങ്ങാടി റോഡിലെ വാഹന ഗതാഗതത്തെയും ബാധിച്ചിരുന്നു

Sharing is caring!