ഫോണ്‍ ബില്‍ വിവാദത്തില്‍ ലേഖകനെതിരെ മന്ത്രി

ഫോണ്‍ ബില്‍ വിവാദത്തില്‍ ലേഖകനെതിരെ മന്ത്രി

തിരുവനന്തപുരം: ഫോണ്‍ ബില്‍ വിവാദത്തില്‍ മലയാള മനോരമ ലേഖകനെതിരെ മന്ത്രി കെടി ജലീല്‍. വിദേശ യാത്രയിലായിട്ടും മന്ത്രി കെകെ ശൈലജയുടെ ബില്‍ തുക കുറച്ചത് കാണിച്ച് ഇന്ന് പത്രത്തില്‍ വന്ന ലേഖനത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ലേഖകന്‍ ആടിനെ പട്ടിയാക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സെപ്തംബര്‍ മാസം മന്ത്രി കെടി ജലീലിന്റെ ഫോണ്‍ ബില്‍ അരലക്ഷത്തിന് മുകളിലായത് സംബന്ധിച്ച് മനോരമയില്‍ വാര്‍ത്ത വന്നിരുന്നു. റോമിങ് ആയതിനാലാണ് ഇത്രയധികം ബില്‍ വന്നതെന്ന് മന്ത്രി മറുപടിയില്‍ നല്‍കിയിരുന്നു. എന്നാല്‍ തായ്‌ലാന്‍ഡില്‍ പോയിട്ടും ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ബില്‍ 640 രൂപ മാത്രമാണ് വന്നതെന്നും മറ്റു മന്ത്രിമാര്‍ക്ക് മന്ത്രി ശൈലജ മാതൃകയാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മനോരമ ലേഖകൻ വീണ്ടും ആടിനെ പട്ടിയാക്കുന്നു !!!
—————————————-
എന്റെ സപ്തംബർ മാസത്തെ ഫോൺ ബില്ലുമായി ബന്ധപ്പെട്ട് മനോരമ ലേഖകന്റെ “അന്വേഷണാത്മക” റിപ്പോർട്ടിന് ഞാൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു . എല്ലാ മുഖ്യധാരാ പത്രങ്ങളും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി നല്ല രീതിയിൽ തന്നെ എന്റെ Fb പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയും ചെയ്തു . സോഷ്യൽ മീഡിയകളും സത്യാവസ്ഥ തിരിച്ചറിഞ്ഞ് വലിയ പ്രചാരണവും നൽകി . അതിൽ മനോവിഷമമുണ്ടായിട്ടാണെന്ന് തോന്നുന്നു വീണ്ടും എന്നെ അപകീർത്തിപ്പെടുത്താൻ അദ്ദേഹം ശ്രമം തുടരുന്നത് . മനോരമ പത്രം ഇതിനുത്തരവാദിയാണെന്ന് ഞാൻ കരുതുന്നില്ല . മനോരമയുടെ മാനേജ്മെന്റുമായും മഹേഷ് ഗുപ്തനുൾപ്പെടെയുള്ള സ്ഥാപനത്തിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരുമായും എനിക്ക് നല്ല അടുപ്പമാണുള്ളത് .

ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി അവതരിപ്പിച്ച് താനെഴുതിയത് ശരിയാണെന്ന് വരുത്താനുള്ള ശ്രമത്തെ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലൊ . അത് കൊണ്ട് തന്നെ ചില കാര്യ ങ്ങൾ കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു .

ഞാൻ മന്ത്രിയായതിന് ശേഷമുള്ള 19 മാസത്തിലെ 18 മാസത്തെ ഫോൺ ബില്ലിനെക്കുറിച്ച് മനോരമ ലേഖകന് ഒന്നും പറയാനില്ല . സപ്തംബർ മാസത്തെ ടെലഫോൺ ബില്ല് കൂടിയതാണല്ലോ പൊതുമുതൽ ധൂർത്തടിക്കുന്നവനായി എന്നെ ചിത്രീകരിക്കുന്നതിന്റെ ഹേതു . റഷ്യയിലെ ബോഷ്കോട്ടോസ്താനിൽ നിന്ന് outgoing കാളുകൾക്ക് ഒരു മിനുട്ടിന് 458 രൂപയും ഇൻകമിംഗ് കാളുകൾ അറ്റന്റ് ചെയ്യുമ്പോൾ മിനുട്ടിന് 159 രൂപയുമാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ BSNL ഈടാക്കുന്നത് . സാധാരണ ഗതിയിൽ ഇന്ത്യൻ യാത്രക്കാർ കുറഞ്ഞ ഈ സെക്ടറിൽ ഓഫറുകളൊന്നും തന്നെയില്ല . ശരാശരി 19 മിനുട്ടാണ് ഒരു ദിവസം ഞാൻ നാട്ടിലേക്കും ബോഷ്കോ ട്ടോസ്താനിലെ സമ്മേളന സംഘാടകരെയും വിളിച്ചത് . ഇൻകമിംഗ് കോളുകൾ ഒരു ദിവസം ശരാശരി സ്വീകരിച്ചത് 21 മിനുട്ടാണ് . പ്രസ്തുത മാസത്തെ ബിൽ തുകയിൻമേലുള്ള GST എട്ടായിരത്തിലധികമാണെന്ന്കൂടി ഇതോടൊപ്പം ചേർത്ത് വായിക്കുക . ഇതല്ലാതെ പിന്നിട്ട 20 മാസത്തിനിടയിൽ ഞാൻ നടത്തിയ വിദേശയാത്ര ഖത്തറിലേക്കായിരുന്നു . ആ മാസത്തെ എന്റെ ടെലഫോൺ ബില്ല് 3693 രൂപയായിരുന്നു . കേവലം 264 രൂപ ബില്ല് വന്ന മാസവും എനിക്കുണ്ടായിട്ടുണ്ട് . അതെന്തേ ലേഖകന്റെ കാഴ്ചപ്പുറത്തെത്താതെ പോയി ? സാധാരണ ഔദ്യോഗിക വിദേശ യാത്രകൾ ബിസിനസ്സ് ക്ലാസ്സിലാണ് നടത്താറ് . ബോഷ്കോട്ടോസ്താനിലേക്ക് വന്ന കേന്ദ്ര ഉദ്യോഗസ്ഥരും രണ്ട് മന്ത്രിമാരും ബിസിനസ്സ് ക്ലാസ്സിലായിരുന്നു യാത്ര ചെയ്തത് . ഞാൻ അവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല . അത്ര അസ്വസ്ഥത ഉണ്ടാക്കുന്നതാണ് മുന്നോ നാലോ മണിക്കൂറിലധികം വരുന്ന വിമാനയാത്ര . പത്ത് മണിക്കൂർ ഫ്ലയിംഗ് ടൈമുള്ള പ്രസ്തുത യാത്രയിൽ എനിക്കും ബിസിനസ്സ് ക്ലാസ്സ് ഓപ്റ്റ് ചെയ്യാമായിരുന്നു . പക്ഷെ ഫ്ലൈറ്റ് നിരക്കിലെ രണ്ട് ക്ലാസ്സുകൾ തമ്മിലെ വ്യത്യാസം കണ്ട ലേഖകന്റെ ഭാഷയിലെ ഈ “ധൂർത്തൻ” ഇക്കോണമി ക്ലാസ്സാണ് തെരഞ്ഞെടുത്തത് . അതിലൂടെയുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ ധനലാഭം അദ്ദേഹം കണക്ക് കൂട്ടി എഴുതാതിരുന്നത് ബോധപൂർവ്വമാവില്ലെന്ന് കരുതാം !!!

ഇനിയെനിക്ക് മനോരമയിലെ പത്ര സുഹൃത്തിനോട് ഒരഭ്യർത്ഥനയുണ്ട് . കഴിഞ്ഞ UDF സർക്കാരിലെ മന്ത്രിമാരുടെ ആദ്യ ഇരുപത് മാസത്തെ ചെലവും LDF സർക്കാരിലെ മന്ത്രിമാരുടെ അതേ കാലയളവിലെ ചെലവും താരതമ്യപ്പെടുത്തി നോക്കുക . വിവരാവകാശ രേഖ പ്രകാരം ആർക്കും എപ്പോഴും കണക്കുകൾ കിട്ടുമല്ലോ ? UDF കാലത്തേതിന്റെ 50% പോലും വരില്ല LDF കാലത്തെ ചെലവെന്ന് പ്രസ്തുത പട്ടിക പറയും . UDF ന് വേണ്ടി പേനയുന്തുന്നതിനിടയിൽ ഇതിനൊക്കെ എവിടെയാ സമയം , അല്ലേ ?

Sharing is caring!