സിപിഎമ്മിനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കാന്തപുരം

സിപിഎമ്മിനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കാന്തപുരം

കോഴിക്കോട്: തങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് മുസ് ലിം ലീഗ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പലയിടത്തും പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടപ്പോള്‍ സഹായം നല്‍കിയത് സിപിഎമ്മാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

‘ ഞങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ലീഗ് എന്നും എടുത്തിട്ടുള്ളത്. 1989ല്‍ എറണാകുളത്ത് എസ്‌വൈഎസ് സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ ലീഗ് അത് പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, സമ്മേളനം ഭംഗിയായി നടന്നു. അതിനുശേഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ പലയിടത്തും ആക്രമിക്കപ്പെട്ടു. അപ്പോള്‍ സഹായിച്ചത് സിപിഎമ്മാണ്. പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരുന്നതില്‍ സിപിഎമ്മിന്റെ സഹായം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന സ്ഥിതിവിശേഷമാണത്. ആശയപരമായി കമ്യൂണിസ്റ്റ് നയങ്ങളോട് യോജിപ്പുള്ളവരല്ല ഞങ്ങള്‍. പക്ഷേ, ഞങ്ങളെ സഹായിച്ചവര്‍ എന്ന സ്‌നേഹമുണ്ട്. സഹായിച്ചവരെ തിരിച്ച് സഹായിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. ‘ ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.

പരസ്യമായി ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെന്നും ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാര്‍ മതപണ്ഡിതന്‍മാരെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്നും എന്നാല്‍ മതത്തിന് രാഷ്ട്രീയത്തിന് ഇടപെടാമെന്നും ചോദ്യത്തിന് മറുപടിയായി പറയുന്നു. രാഷ്ട്രീയം പൊതു ഇടമാണെന്നും രാഷ്ട്രീയക്കാരുടെ നയങ്ങള്‍ തെറ്റിപ്പോയാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!