അമേരിക്കയില്‍നിന്ന് മാപ്പിളപ്പാട്ടുകളുടെ ഇശലുകള്‍ തേടി ആമി കാത്ലിന് മലപ്പുറത്തേക്ക്

തിരൂരങ്ങാടി: അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എത്നോമ്യൂസികോളജി പ്രൊഫ. ആമി കാത്ലിന് ജൈറാസ്ബോയ് തന്റെ വകുപ്പിലെ മാപ്പിളപ്പാട്ട് ശേഖരവുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1938 ഏപ്രില്‍ 19, 20 തീയതികളില്‍ മലപ്പുറത്തെത്തിയ ലണ്ടന്‍ സര്‍വകലാശാല മ്യൂസികോളജി പ്രൊഫസറായിരുന്ന ആര്‍ണോള്‍ഡ് ബേക്കാണ് ഈ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്. മലപ്പുറം ജില്ലയിലെ മലപ്പുറം, മമ്പുറം, പരപ്പനങ്ങാടി, പുല്ലങ്കോട് എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് മാപ്പിളപ്പാട്ട് ഗായകരെ സംഘടിപ്പിച്ചാണ് ഈ പാട്ടുകള്‍ അക്കാലത്ത് സമാഹരിച്ചത്. തുടര്‍ന്ന്, ഏപ്രില്‍ 22 ന് കോഴിക്കോട് വെച്ച് കൂടുതല്‍ പാട്ടുകള്‍ ശേഖരിച്ചിരുന്നു. അതോടൊപ്പം ലക്ഷദ്വീപില്‍ പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകളും സമാഹരിച്ചിരുന്നു. മുപ്പതിലധികം പാട്ടുകള്‍ ഇങ്ങനെ ശ്രാവ്യരൂപത്തില് ശേഖരിച്ചിട്ടുള്ളത്. ഇവയില്‍ ചിലതെങ്കിലും ഇന്ന് അച്ചടി രൂപത്തില്‍ ലഭ്യമല്ല എന്നത് ഇവയുടെ ചരിത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നാളെ പി.എസ്.എം.ഒ കോളജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ഏകദിന ശില്പശാലയില് ഈ പാട്ടുകള്‍ ശ്രോതാക്കളെ കേള്‍പ്പിക്കുകയും തുടര്‍ന്ന നടക്കുന്ന ചര്‍ച്ചയില്‍ ആമി കാത്ലിന്, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ റിസര്‍ച്ച് ഫെലോ നീലിമ ജയചന്ദ്രന് എന്നിവര്‍ ഈ പാട്ടുകളെക്കുറിച്ചും അവയുടെ ചരിത്രപ്രാധാന്യത്തെ കുറിച്ചും വിദ്യാര്‍ഥികളുമായി സംവദിക്കും. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ സഹകരണത്തോടെ പി.എസ്.എം.ഒ കോളജ് ചരിത്രവകുപ്പാണ് ശില്പശാല സംഘടിപ്പിക്കുന്നത്. അതേ ദിവസം തന്നെ, ആമി കാത്ലിനും ഭര്‍ത്താവ് നാസിര്‍ അലി ജൈറാസ്ബോയിയും ചേര്‍ന്നു നിര്‍മിച്ച ഫ്രം ആഫ്രിക്ക ടു ഇന്ത്യ: സിദ്ധി മ്യൂസിക് ഇന്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡയസ്പോറ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നും ഇന്ത്യയുടെ പശ്ചിമതീരങ്ങളില്‍ കുടിയേറിപ്പാര്‍ത്ത സിദ്ധികളുടെ സൂഫി സംഗീതവും നൃത്തരൂപങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഡോക്യുമെന്ററി. മലബാറിലൈ ചില തരീഖത്തുകളുടെ റാത്തീബ് പോലെ സിദ്ധികളുടെ സൂഫീ അനുഷ്ഠാന കലകളാണ് ഇതിലെ പ്രതിപാദ്യവിഷയം. ഈ അനുഷ്ഠാന കലകളിലുടനീളം അവര്‍ ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ പൂര്‍വികരില്‍ നിന്നു പൈതൃകമായി ലഭിച്ച ശീലുകളും സംഗീതോപകരണങ്ങളുമാണ്. നൂറ്റാണ്ടുകളായി ഇന്ത്യക്കാരായി കര്‍ണാടക മുതല്‍ ഗുജറാത്ത് വരെയുള്ള തീരദേശങ്ങളില്‍ വസിക്കുന്ന ഈ കുടിയേറ്റ ജനതക്ക് അവരുടെ ആഫ്രിക്കന്‍ പൈതൃകമായി അവശേഷിക്കുന്നത് ഈ സംഗീതം മാത്രമാണ്. അറബിക്കടല്‍ വഴി നടന്ന കുടിയേറ്റ ജനവിഭാഗങ്ങളുടെ സംഗീതപാരമ്പര്യങ്ങളുടെ ഈ ആവിഷ്കാരം ചരിത്രവിദ്യാര്‍ഥികള്‍ക്കും ഫോക്ലോര് പഠിതാക്കള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]