ഓഖി ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം: ഉമ്മന്‍ ചാണ്ടി

ഓഖി ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം: ഉമ്മന്‍ ചാണ്ടി

പൊന്നാനി:ഓഖി ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ദുരന്തത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പങ്കാളികളാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരദേശത്തോടുള്ള സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് മലപ്പുറം ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ് നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം പാലപ്പെട്ടിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓഖി ദുരന്തത്തില്‍ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയാണ് സംഭവിച്ചത്. യഥാസമയം മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായത്.സര്‍ക്കാറുകള്‍ക്ക് സംഭവിച്ച പാളിച്ചകള്‍ അന്വേഷിക്കുകയും, ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുകയും, സമഗ്രമായ പാക്കേജ് ഉണ്ടാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു. അബൂബക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എ.പി.അനില്‍കുമാര്‍ എം.എല്‍.എ.മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ.പി.അബ്ദുള്‍ മജീദ്, പി.ടി.അജയ് മോഹന്‍, സി.ഹരിദാസ്, കെ.ശിവരാമന്‍, എന്‍.എ.അബ്ദുള്‍ കരീം, ടി.കെ.അശ്‌റഫ് എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റനെ ഉമ്മന്‍ ചാണ്ടി ഷാള്‍ അണിയിച്ചു.തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പദയാത്രയ്ക്ക് തുടക്കമായി. ആദ്യ ദിനത്തിലെ യാത്ര പൊന്നാനിയില്‍ സമാപിച്ചു.

Sharing is caring!