പുതുവര്‍ഷത്തലേന്ന് പൊന്നാനിയില്‍ മാത്രം കുടിച്ചു തീര്‍ത്തത് 60,51170 രൂപയുടെ മദ്യം

പുതുവര്‍ഷത്തലേന്ന്  പൊന്നാനിയില്‍ മാത്രം കുടിച്ചു തീര്‍ത്തത്  60,51170 രൂപയുടെ മദ്യം

പൊന്നാനി: പുതുവര്‍ഷത്തലേന്ന് പൊന്നാനി താലൂക്കില്‍ കുടിച്ചു തീര്‍ത്തത് 60,51170 രൂപയുടെ മദ്യം. കുറ്റിപ്പാല വിദേശമദ്യശാലയില്‍ കച്ചവടം വര്‍ധിച്ചു. പൊന്നാനിയില്‍ മദ്യകച്ചവടത്തില്‍ കുറവ് വന്നതായി കണക്കുകള്‍.

പൂട്ടിയ വിദേശമദ്യശാലകള്‍ വീണ്ടും തുറന്നതിന് ശേഷമെത്തിയ പുതുവത്സരത്തിലും, മദ്യപാനത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊന്നാനി എക്‌സൈസ് റൈഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, കുറ്റിപ്പാല വിദേശമദ്യശാലകളില്‍ പുതുവത്സരത്തലേന്ന് കച്ചവടം പൊടിപൊടിച്ചു.

കുറ്റിപ്പാല വിദേശമദ്യശാലയില്‍ പുതുവത്സരത്തലേന്ന് 3347350 രൂപയുടെ കച്ചവടവും, പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യശാലയില്‍ 2703820 രൂപയുടെ മദ്യ കച്ചവടവുമാണ് നടന്നത്. നേരത്തെ കണ്ടനകത്ത് ബീവറേജ് പ്രവര്‍ത്തിക്കുമ്പോള്‍ ഏറെ പിറകിലായിരുന്ന കച്ചവടം കുറ്റിപ്പാലയിലേക്ക് മാറിയതോടെ വന്‍ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ പൊന്നാനിയില്‍ കച്ചവടം കുറഞ്ഞതായാണ് കണക്കുകള്‍.

ഡിസംബര്‍ 31-ന് വിദേശമദ്യശാലകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പൊന്നാനിയില്‍ മദ്യം വാങ്ങാനെത്തിയവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കൂടാതെ പൊലീസും, എക്‌സൈസും ചേര്‍ന്ന് പരിശോധന കാര്യക്ഷമമാക്കിയതിനാല്‍ പ്രശ്‌നങ്ങളൊന്നും മേഖലയിലുണ്ടായില്ല.

Sharing is caring!