സമസ്തയുടെ വിലക്ക് ലംഘനം ചര്‍ച്ചചെയ്യാന്‍ മുശാവറയോഗം 10ന്

സമസ്തയുടെ  വിലക്ക് ലംഘനം ചര്‍ച്ചചെയ്യാന്‍  മുശാവറയോഗം 10ന്

മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളന വേദിയിലെത്തി. വിഷയം ചര്‍ച്ചചെയ്യുന്ന സമസ്ത കേന്ദ്രമുശാവറയോഗം ജനുവരി 10ന് രാവിലെ 11ന് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ചേരും.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് സമസ്ത ഇറക്കിയ പത്രക്കുറിപ്പ് മുഖവിലക്കെടുക്കാതെ തങ്ങള്‍മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തകാര്യമാകും മുശാവറായോഗത്തില്‍ മുഖ്യചര്‍ച്ച. വിഷയത്തില്‍ സമസ്തയുടെ നിലപാടും യോഗത്തിന് ശേഷം പ്രഖ്യാപിക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിനെത്തണമെന്ന് ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അംഗങ്ങളെ അറിയിച്ചു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ‘പള്ളി, മദ്റസ, മഹല്ല്’ സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്.
മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തിനെത്തിയത്. ആദ്യം റഷീദലി തങ്ങളാണ് ചടങ്ങിനെത്തിയത്.

Sharing is caring!