ഐ എസ് എല്ലില്‍ മലപ്പുറത്തിന്റെ ഗോള്‍ കിലുക്കം, ആഷിഖ് കുരുണിയന് കന്നി ഗോള്‍

ഐ എസ് എല്ലില്‍ മലപ്പുറത്തിന്റെ ഗോള്‍ കിലുക്കം, ആഷിഖ് കുരുണിയന് കന്നി ഗോള്‍

മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലപ്പുറത്തിന്റെ സ്വന്തം ഗോള്‍. മലപ്പുറത്ത് ജനിച്ച് കളിച്ച് വളര്‍ന്ന ജൂനിയര്‍ താരം ആഷിഖ് കുരുണിയനാണ് ഇന്ന് പൂനെ എഫ് സിക്ക് വേണ്ടി ഗോള്‍ നേടിയത്. ആഷിഖിന്റെ ഐ എസ് എല്ലിലെ കന്നി ഗോളാണ് ഇന്നത്തേത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പൂനെ വിജയിച്ചത്.

മല്‍സരത്തിലെ ആദ്യ ഗോളാണ് ആഷിഖ് നേടിയത്. കളിയുടെ എട്ടാം മിനുറ്റിലായിരുന്നു ആഷിഖിന്റെ ഗോള്‍. ആഷിഖ് തുടക്കമിട്ട ഗോള്‍ വേട്ട നാലു ഗോളുകള്‍ കൂടി നേടിയാണ് പൂനെ അവസാനിപ്പിച്ചത്.

സ്‌പെയിനിലെ വില്ലാറല്‍ എഫ് സിയുടെ മൂന്നാം ഡിവിഷന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആഷിഖിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പൂനെ എഫ് സിയുടെ അക്കാദമിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ആഷിഖ് വില്ലാറലിലെത്തിയത്.

വില്ലാറലില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആഷിഖ് തിരിച്ച് പൂനെ എഫ് സിയിലെത്തിയത്. ഈ സീസണില്‍ പൂനെയ്ക്കായി മൂന്നാമത്തെ മല്‍സരത്തിലാണ് ആഷിഖ് ഇറങ്ങിയത്. ഇന്ത്യന്‍ ജൂനിയര്‍ ടീമിലെ അംഗമായിരുന്ന ആഷിഖ് ഭാവിയിലെ മികച്ച താരമായാണ് വിലയിരുത്തപ്പെടുത്തുന്നത്.

ഗോകുലം എഫ് സിയുടെ അസിസ്റ്റന്റ് കോച്ചും, കെ എസ് ഇ ബി താരവുമായ ഷാജിറുദീന്‍ കോപ്പിലാനാണ് ആഷിഖിന്റെ പ്രതിഭയെ തേച്ചു മിനുക്കിയത്.

Sharing is caring!