മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

മമ്പുറം പുതിയ പാലം  ജനുവരി 8ന് തുറക്കും

തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.

തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.

Sharing is caring!