മുത്തലാഖ്; മുസ്‌ലിം ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയി

മുത്തലാഖ്; മുസ്‌ലിം ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയി

ന്യൂദല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മുസ്‌ലിം ലീഗ് ഇറങ്ങിപ്പോയി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് പാര്‍ലമെന്റില്‍ ഇന്ന് ബില്‍ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയത്.

ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമാണെടുത്തതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഒരു മുസ്‌ലിം സംഘടനകളോടും ആലോചിക്കാതെ കേന്ദ്രം കൊണ്ടു വന്ന ബില്ലിലെ മൂന്നാം ക്ലോസ് എല്ലാ തരം തലാഖുകളെ കുറിച്ചു സൂചിപ്പിക്കുന്നുണ്ടെന്നും ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നും എം.പിമാര്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിന് ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ല് വ്യക്തി നിയമങ്ങളുടെ മേലുള്ള കടന്നു കയറ്റമാണന്നു പറഞ്ഞ അദ്ദേഹം ഒരു സമുദായത്തിലെ പുരുഷന്മാര്‍ അത്രയും സ്ത്രീകളോട് ക്രൂരമായ സമീപനമെടുക്കുന്നവരാണെന്ന മിഥ്യ സമൂഹത്തിനു മുന്നില്‍ കൃത്രിമമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ബില്ലിനെ എതിര്‍ക്കുന്ന തങ്ങളാരും മുത്തലാഖിന് വേണ്ടി വാദിക്കുന്നവരോ, അതിന്റെ വക്താക്കളോ അല്ല. മഹത്തായ ഒരു സഭയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ അനിവാര്യതയാണെന്നും ഇ.ടി പറഞ്ഞു. സുപ്രീം കോടതി തന്നെ നിരോധിച്ച മുത്തലാഖിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്തിനാണ്. ഇല്ലാത്ത ഒരുകാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 16%നും 17%നും ഇടയിലേയുള്ളൂ. അതില്‍ വളരെകുറച്ച് ത്വലാഖ് മാത്രമാണ് നടക്കുന്നത്. ത്വലാഖില്‍ തന്നെ മുത്തലാഖ് തീര്‍ത്തും വിരളമാണ്.

ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനു തന്നെ അറിയാവുന്നതാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാറിനിതില്‍ ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കടുക്കുന്ന പ്രകൃതക്കാരാണ് സര്‍ക്കാറെന്നും ഇ.ടി ആരോപിച്ചു. മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെ തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള പാലംവെക്കുകയാണ്‌സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം.ജെ. അക്ബര്‍് ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണ്. ശരീഅത്ത് എന്നാല് ജീവിതക്രമം മാത്രമാണ് അത് മാറ്റാവുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇത് തുറന്ന് കാണിക്കുന്നത് ബി.ജെ.പിയുടെ മനസ്സാണ്. ശരീഅത്ത് മാറ്റാന്‍ പറ്റില്ലെന്നും അത് മാറ്റാന്‍ സമ്മതിക്കില്ലെന്നും ഇ.ടി പറഞ്ഞു.

ഈ നിയമത്തിലെ ഏറ്റവും വിചിത്രമായ ഭാഗം വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്ന് കൊല്ലം ജയിലിലടക്കാമെന്നും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം തന്നെ ചെലവിന് കൊടുക്കണമെന്നുള്ളതാണ്. ഈ നിയമത്തെ മുസ്‌ലിം ലീഗ് പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

Sharing is caring!