വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ;എംടിക്കെതിരെ യുവാവ്

വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ;എംടിക്കെതിരെ യുവാവ്

തിരൂരങ്ങാടി: കോളേജിലെ പരിപാടിക്ക് ക്ഷണിക്കാനെത്തിയ വിദ്യാര്‍ഥികളോട് എംടി വാസുദേവന്‍ നായന്‍ വിദ്വേഷ പരാമര്‍ശനം നടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്. സലീം മണ്ണാര്‍ക്കാട് എംടിയില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പോസ്റ്റിട്ടത് .ചെമ്മാട് ദാറുല്‍ ഹുദ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റശാദ് ഇസ്‌ലാമിക് കോളേജിലെ വിദ്യാര്‍ഥികളാണ് എംടിയില്‍ നിന്നും മോശം അനുഭവമുണ്ടായതായി പറയുന്നത്. എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് കോളേജില്‍ നടത്തിയ ദ്വിദിന ശില്‍പ്പശാല ‘അക്ഷരമാല ’17 ‘ ന്റെ മുഖ്യ കാര്യദര്‍ശിയായി തെരഞ്ഞെടുത്തത് എംടിയെയായിരുന്നു. അദ്ദേഹം അത് അംഗീകരിക്കുകയും ശേഷം നേരില്‍ കാണാനായി വിദ്യാര്‍ഥികള്‍ എത്തുകയുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ ‘നല്ല ഒരു ദിനത്തില്‍ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങള്‍ ആ പടിവാതില്‍ കാല്‍കുത്തിയത്. പക്ഷേ, കാത്തുവച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയിരുന്നു. പല കാരണങ്ങളും പറഞ്ഞ് അങ്ങ് ഒഴിഞ്ഞുമാറി…. എന്നാല്‍ കാര്യദര്‍ശി യെന്ന നിലയില്‍ സാക്ഷിപത്രത്തില്‍ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയില്‍ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കള്‍ കലി തുള്ളിയത്. ‘ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ‘ അവസാനം അരക്ക് കീപ്പോട്ട് തളര്‍ന്നു കിടക്കുന്നവന്‍ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ ‘ദാറ്റ് ഈസ് ഓള്‍ ‘ എന്ന് ഇംഗ്ലീഷില്‍ ഒരു കസര്‍ത്തും.’

പോസ്റ്റിന്റെ പൂര്‍ണരൂപം
#ദാറ്റ്_ഈസ്_നത്തിംഗ്
#പ്രിയ_എം_ടി_സാറിന്…
#ഭാരതത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഗൗരി ലങ്കേഷ്കർമാരും, കൽബുർഗിമാരും ഭാരതത്തിന്റെ പൈതൃക പെരുമയും പാരമ്പര്യ ഗരിമയും നിലനിർത്താൻ സ്വന്തം ജീവൻ അടിയറ വയ്ക്കുമ്പോൾ ഇത്തരമൊരു തുറന്നു പറച്ചിൽ നടത്തേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആദ്യമായി എം.ടി എന്ന സാഹിത്യ കടലിനെ കൈപിടിച്ചുയർത്തിയ ചന്ദ്രിക പ്രസ്ഥാനത്തിനോടും, സാഹിത്യ കുലപതി ക്കെതിരെ അസ്ത്രങ്ങളെയ്യാൻ അസുരവിത്തുകൾ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന് രക്ഷാവലയം തീർത്ത മുസ്ലിം ലീഗിന്റെ പ്രവർത്തകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം എനിക്ക് ഇത് പറയാതെ വയ്യ. എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടും ഉള്ളു നീറുകയാണ്. ഇനിയും ഞാൻ ഇത് പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചാൽ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി അത് മാറും.
എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങൾ ഉണ്ടാക്കിയ കടൽ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു. കരിമ്പനകളെ പ്പോലും കടപുഴക്കി എറിയാൻ ശേഷിയുള്ള കാറ്റ്. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ. കർമ്മ മേഖലകളിലെ സജീവ സംഭാവനകൾ, തലമുറകളുടെ സ്നേഹ വാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്ര സമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കത്തിച്ചു.
നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയും, ആദ്യ തിരകഥക്ക് രാഷ്ട്രപതിയുടെ സ്വർണ്ണ പതക്കവും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്. മലയാളസാഹിത്യത്തിലും,ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വം. പത്മഭൂഷൻ, ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കെ.സി ദാനിയേൽ പുരസ്കാരം, ദേശാഭിമാനി സാഹിത്യ പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, മാതൃഭൂമി പുരസ്കാരം ഇങ്ങനെ പുരസ്കാരങ്ങളുടെ നീണ്ട ഘോഷയാത്രയായിരുന്നു ജീവിതത്തിലുടനീളം. അരനൂറ്റാണ്ടിലേറെയായി സാഹിത്യ ലോകത്തും ചലച്ചിത്ര രംഗത്തും തിളങ്ങി നിൽക്കുന്ന ആ വ്യക്തിത്വത്തെ കണ്ണടച്ച് തള്ളാൻ കഴിയില്ല.
താങ്കളുടെ ഈ ഒരു പുരസ്കാര ഘോഷയാത്രകളെ ഞങ്ങൾ സമ്മതിക്കാം. എഴുത്തും ഗംഭീരം തന്നെ!.. സാഹിത്യ ലോകത്ത് വിരാജിക്കുന്ന കുലപതിയും, ചലച്ചിത്ര രചന രംഗത്തെ തമ്പുരാനുമായിരിക്കാം, പക്ഷേ തോണി മറിഞ്ഞാൽ പിന്നെ പുറമല്ലെ നല്ലത്. ആൾ താമസമില്ലാത്തവർ ചെയ്യുന്നത് പോലെ താങ്കളും പുള്ളിമാനി നൊപ്പം പുള്ളിപ്പുലിയേയും, വസന്തവായുവിൽ വസൂരി രോഗാണുക്കളെയും നോക്കി കാണുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.
എന്നാൽ ഇന്ന് ഞങ്ങളാണ് (ചെമ്മാട് ദാറുൽഹുദാ എന്ന കേരളത്തിൽ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശാഖയായ തൃശൂർ ചാമക്കാല നഹ്ജുർ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാർത്ഥികൾ) താങ്കളുടെ വിഷം ചീറ്റലുകളിൽ കിടന്ന് വീർപ്പ് മുട്ടിയത്. താങ്കൾ ഞങ്ങളെ മറന്നുകാണില്ല. അക്ഷരമാല ’17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ദ്വിദിന ശിൽപ്പശാലയുടെ മുഖ്യ കാര്യദർശിയായി ഞങ്ങൾ തെരഞ്ഞെടുത്തത് താങ്കളെയായിരുന്നു താങ്കൾ അത് അംഗീകരിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷകളോടെ എം.ടി എന്ന ആ പേമാരിയെ നേരിൽ കാണാൻ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമാണ് ഞങ്ങൾ അങ്ങയുടെ അടുത്തെത്തിയത്.
നല്ല ഒരു ദിനത്തിൽ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങൾ ആ പടിവാതിൽ കാൽകുത്തിയത്. പക്ഷേ, കാത്തുവച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയിരുന്നു. പല കാരണങ്ങളും പറഞ്ഞ് അങ്ങ് ഒഴിഞ്ഞുമാറി…. എന്നാൽ കാര്യദർശി യെന്ന നിലയിൽ സാക്ഷിപത്രത്തിൽ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയിൽ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കൾ കലി തുള്ളിയത്. “ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായി വന്നാൽ ഞാൻ എന്തുചെയ്യും? ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തത് ” അവസാനം അരക്ക് കീപ്പോട്ട് തളർന്നു കിടക്കുന്നവൻ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ “ദാറ്റ് ഈസ് ഓൾ ” എന്ന് ഇംഗ്ലീഷിൽ ഒരു കസർത്തും.
എന്നാൽ “ദാറ്റ് ഈസ് നത്തിംഗ് ” താങ്കൾ മനസ്സിലാക്കിയത് ഒന്നും അല്ല എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത് കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും പറയൽ എന്റെ ഉത്തരവാദിത്വം ആയതുകൊണ്ട് മാത്രമാണ് ഞാൻ സമൂഹത്തിൽ നിന്നും പ്രതിഷേധത്തിന്റെ ധ്വനികൾ ഉയരും എന്ന് ഉറപ്പുള്ള ഈ സാഹസിക ഉദ്യമത്തിനു മുതിരുന്നത്.
താങ്കൾ ആദ്യം മനസ്സിലാക്കേണ്ടത് യതാർത്ഥത്തിൽ എന്താണ് ഇസ്ലാം എന്നാണ്. നിങ്ങൾ കൊട്ടിഘോഷിച്ച വേൾഡ് ട്രൈഡ് സെന്റർ തകർത്ത ഇസ്ലാം ഞങ്ങളുടെതല്ല. അതുപോലെ ലോക സമാധാനത്തിന്റെ പതാക വാഹകനായിരുന്നു ശ്രീരാമൻ. എന്നാൽ ശ്രീരാമന് വേണ്ടി ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തത് യാഥാർഥ്യമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ചാൽ കാണുന്നതെല്ലാം മഞ്ഞയാകുമെന്ന് പണ്ട് ആരോ പറഞ്ഞത് വെറുതെയല്ല.
ഉമ്മയുടെ കാലിനടിയിലാണ് സ്വർഗം എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാൽ കേരളത്തിൽ നിന്ന് പലരും സ്വർഗം തേടി സിറിയയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. അവരുടെ റിസർവേഷൻ ഇപ്പോഴും പെന്റിംഗിലാണ്. അതുകൊണ്ട് കാളപെറ്റെന്ന് കേൾക്കുമ്പോഴേക്ക് ഇനിയെങ്കിലും കയറെടുക്കല്ലെ..
സർ,….താങ്കളുടെ ശ്രദ്ധ വാജ്പേയിയുടെ കാലത്ത് ഞാൻ ക്ഷണിക്കുകയാണ് ഇന്ത്യയിലെ മദ്രസകളിലും, കോളേജുകളിലും വർഗീയതയും ഭീകരവാദവുമാണ് പഠിപ്പിക്കുന്നതെന്ന് പ്രചരിച്ച കാലം ആ സമയത്ത് മുസ്ലിം എം.പിമാർ അതിനെ കുറിച്ച് അന്വേഷിക്കണമെന്നും അങ്ങനെ വല്ലതും തെളിഞ്ഞാൽ അവരെ ശിക്ഷിക്കണമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനിയോട് ആവശ്യപ്പെട്ടു. ഒരുമാസത്തിനുശേഷം എൽ.കെ അദ്വാനി ഇതിന്റെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു മദ്രസകളിലും കോളേജുകളിലും വർഗീയതയും, തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പാർലമെന്റിൽ ധവള പത്രം സമർപ്പിക്കുകയും ചെയ്തു. അത് അവതരിപ്പിച്ചത് ഇ. അഹ്മ്മദായിരുന്നില്ല. മറിച്ച്, ബി.ജെ.പിയുടെ തല മുതിർന്ന നേതാവായിരുന്ന അദ്വാനിയിരുന്നു എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. വെള്ള വസ്ത്രധാരികളായ ഞങ്ങളെ താങ്കളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഭീകരവാദികൾ എന്ന് താങ്കൾ ഉൾ മനസിൽ സങ്കൽപ്പിക്കുക മത്രമല്ല ചെയ്തത്. മറിച്ച് ഒരു മടിയും കൂടാതെ മുഖത്തു നോക്കി തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു.
കേരള മുസ്‌ലിംകളെ താങ്കൾ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പകരം എത്ര മേഖലകളിൽ മുസ്ലീങ്ങൾക്ക് ഉന്നതി പ്രാപിച്ചു നിൽക്കുന്നു എന്ന് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കുക.. അവരുടെ ഉന്നതങ്ങളിലേക്ക് നോക്കാതെ മൂത്ത് മുതുകുറ്റി പറഞ്ഞുപോയ വാദങ്ങളിൽ കടിച്ചു നിൽക്കുകയാണ്. അതിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഉള്ളിൽ കളിമണ്ണ് അല്ലെങ്കിൽ താങ്കൾ ഒന്ന് ചിന്തിച്ച് നോക്കുക. സേതുരാമൻ ഐപിഎസിന്റെ വാക്കുകൾ കടമെടുത്ത് ഞാൻ ഉദ്ധരിക്കാം. സാഹിത്യത്തിൽ കുലപതിമാരായ ഒരുപാട് ബഷീർമാർ ഞങ്ങൾക്കിടയിലുണ്ട്. ‘വടക്കൻ വീരഗാഥ’യിൽ (താങ്കൾ തിരക്കഥ നിർവ്വഹിച്ച സിനിമ ) ‘അമരത്തിൽ’ ‘രാജമാണിക്യ’ത്തിൽ ‘പ്രാഞ്ചിയേട്ട’നിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ മലയാളിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഫാസിലാണ് നമുക്ക് ‘മണിച്ചിത്ര താഴ് തന്നത്.
എംഎൻ കാരശേരി യെക്കാൾ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരെയെങ്കിലും കേരളത്തിൽ കണ്ടെത്താൻ സാധിക്കുമോ?. ഭാഷാ പണ്ഡിതനായ സമദാനിയുടെ പ്രഭാഷണങ്ങൾ മതേതര കാഴ്ചപ്പാടുകൾ ഏതൊരു മലയാളിയെയും പ്രചോദിപ്പിക്കും.
ഇനി രാഷ്ട്രീയം പറയുകയേ വേണ്ട സ്വന്തം വീട്ടിലെ പോലെ ആർക്കും പാണക്കാട് തങ്ങളെയും, കുഞ്ഞാലിക്കുട്ടിയെയും പോയി കാണാം. ഇസ്ലാമിന്റെ മനോഹാരിതയെ കെ. ടി ജലീൽ നിന്ന് പഠിക്കാം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ പോലെ മതേതരനായ ഒരു അമുസ്ലിമിന്റെ കാണാൻ കഴിയുമോ?. യുവനിരയിലെ മുസ്ലിം എംഎൽഎമാരും, രാഷ്ട്രീയക്കാരനും കൂടുതൽ പ്രതീക്ഷ നൽകുന്നവരാണ്.
മുസ്ലിം തീവ്രവാദി എന്ന സങ്കൽപ്പം ചിറ്റമ്മനയം സ്വീകരിച്ച് പൈങ്കിളി നിലപാടെടുത്ത് ഇരുട്ടുമുറിയിൽ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന താങ്കളെപ്പോലെയുള്ള ദി മുഖന്മാർ രൂപപ്പെടുത്തിയതാണ്. മുത്തശ്ശി പത്രത്തിന്റെ തുണി കോന്തലിൽ പിടിച്ചതു കൊണ്ടായിരിക്കും താങ്കൾ ഇങ്ങനെ തല തെറിച്ചുപോയത്. ആവുംകാലത്ത് ചെയ്തതെല്ലാം ചാവും കാലത്ത് പിച്ചിച്ചീന്താൻ ഉള്ള പുറപ്പാടിലാണ് താങ്കൾ എന്ന് തോന്നുന്നു. തങ്ങളുടെ രചനകളിൽ കുപ്പത്തൊട്ടിയിൽ കടലാസ് ചീന്തായിരുന്ന സമയത്ത് അതിനെ അമ്പത് പൈസയുടെ വിലയെങ്കിലും നൽകിയ ‘ചന്ദ്രിക’ പ്രസ്ഥാന വാഹകരെ എങ്കിലും താങ്കൾ ഒന്ന് ഓർക്കണമായിരുന്നു. ഫാസിസത്തിന്റെ വറച്ചട്ടിയിൽ വെന്തരി യാൻ വിധിക്കപ്പെട്ടവനായി വിധിക്കപ്പെട്ടപ്പോഴും താങ്കൾ മതേതരത്വത്തിന്റെ തമ്പുരാനാണെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം കൊട്ടിഘോഷിച്ചു കൊണ്ട് താങ്കൾക്ക് രക്ഷാകവചം തീർത്ത മുസ്ലിംലീഗിന്റെ ധീര പ്രവർത്തകരെ എങ്കിലും താങ്കൾ ആലോചിച്ചിരുന്നോ?. ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവൻ….
മരണ സമയത്തും പൈശാചിക സ്മരണ കൊണ്ട് വിതുമ്പേണ്ട അധരങ്ങൾ നാൽക്കവലയിലെ നെറിക്കെട്ട തെഗാടിയന്മാരുടെ വാക്കുകൾ പ്രഘോഷണം ചെയ്യുന്നത് കേരളത്തിന്റെ സനാതന ധർമങ്ങൾക്ക് ഒരു അണപോലും യോജിക്കാത്തതാണ്. തനിമയാർന്ന മൂല്യങ്ങളുടെ ഈടു ഉറപ്പ് കൊണ്ട് മതേതരമാനം എഴുതി ചേർക്കേണ്ട കൈകൾ തന്നെ തീവ്രഹൈന്ദവതയുടെ രഥമുരട്ടാൻ തുടങ്ങിയത് എന്നാണ്?.
വാർദ്ധക്ക്യത്തിന്റെ ഭ്രാന്ത് മൂത്ത് നിത്യശാന്തിയുടെ വൈജാത്യ വിരോധത്തിന്റെയും മതസംഹിതയായ ഇസ്ലാമിനെ പാതാളത്തോളം താഴ്ത്തി പരിഹാസ പാത്രമാക്കുന്ന ആ ജ്ഞാനപീഠ ജേതാവിന്റെ ബോധമണ്ഡലത്തിൽ സമചിത്തത നഷ്ടപ്പെടും വിധം പ്രഹരമേറ്റിട്ടുണ്ടോ എന്ന് സാക്ഷര കേരളം സംശയിക്കേണ്ടിയിരിക്കുന്നു…

……..✒
Saleem Mannarkkad
Rafi Muvvattupuzha

Sharing is caring!