ഹലാല്‍ ഫായിദ സി.പി.എമ്മിന് മാഫി ഫായിദയാകും; പികെ ഫിറോസ്

ഹലാല്‍ ഫായിദ സി.പി.എമ്മിന് മാഫി ഫായിദയാകും; പികെ ഫിറോസ്

കോഴിക്കോട്: പലിശരഹിത ബാങ്കിങിന് തുടക്കമിട്ട സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.
സദ്ദാം ഹുസൈന്‍, യാസര്‍ അറഫാത്ത് എന്നിവരോടൊന്നിച്ച് മോര്‍ഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടല്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം സി.പി.എം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദയെന്ന് എന്ന് അ്‌ദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബംഗാളിലെ മമത ബാനര്‍ജിയും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ആര്‍.എസ്.എസ്സിനെതിരെ സ്വീകരിക്കുന്ന ചങ്കുറപ്പുള്ള നിലപാടുകള്‍ കാണുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ട് എന്ന് പറയുന്ന ഇരട്ടച്ചങ്കിനെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രമാണ് ഇവിടെയുള്ളവര്‍ക്ക് സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹലാൽ ഫായിദ സി.പി.എമ്മിന് മാഫി ഫായിദയാകും…

സദ്ദാം ഹുസൈൻ, യാസർ അറഫാത്ത് എന്നിവരോടൊന്നിച്ച് മോർഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടൽ തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സി.പി.എം നാടക സംഘത്തിൻറെ ഒടുവിലത്തെ നാടകമാണ് ഹലാൽ ഫായിദ.

സി.പി.എം ഒരു കാര്യം മനസ്സിലാക്കണം. ഇത്തരം ചെപ്പടി വിദ്യകളല്ല ആത്മാർത്ഥമായ നിലപാടുകളാണ് ന്യൂനപക്ഷങ്ങൾക്കാവശ്യമായിട്ടുള്ളത്. സംവരണമടക്കമുള്ള വിഷയങ്ങളിൽ നിങ്ങളിപ്പോഴും നീങ്ങുന്നത് സംഘ് പരിവാരങ്ങളുടെ നിലപാടിനോടൊപ്പമാണ്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമടക്കമുള്ളവർ വിശ്വാസികളായതിന്റെ പേരിൽ കൊല്ലപ്പെട്ടത് നിങ്ങളുടെ ഭരണ കാലത്താണ്‌. ആർ.എസ്.എസ്സിന്റെ പാഠ പുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്യുമ്പോൾ അബ്ദുറബ്ബായിരുന്നില്ല വിദ്യാഭ്യാസമന്ത്രി, സാക്ഷാൽ രവീന്ദ്രനാഥായിരുന്നു.

ബംഗാളിലെ മമത ബാനർജിയും കർണ്ണാടകയിലെ സിദ്ധരാമയ്യയും ആർ.എസ്.എസ്സിനെതിരെ സ്വീകരിക്കുന്ന ചങ്കുറപ്പുള്ള നിലപാടുകൾ കാണുമ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ട് എന്ന് പറയുന്ന ഇരട്ടച്ചങ്കിനെയോർത്ത് നെടുവീർപ്പിടാൻ മാത്രമാണ് ഇവിടെയുള്ളവർക്ക് സാധിക്കുന്നത്.

രാജ്യം കൂരിരുട്ടിലൂടെ മുന്നോട്ട് പോവുമ്പോൾ ഗുജറാത്തിൽ കണ്ട പ്രതീക്ഷയുടെ തീപ്പൊരിയെ നിസ്സാരവൽക്കരിക്കുകയാണ് നിങ്ങൾ ചെയ്തത്. ഇത്തരം സമീപനം തന്നെയാണ് ഇനിയും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കിൽ ഹലാൽ ഫായിദ മാഫി ഫായിദ (No profit) ആവും എന്ന കാര്യത്തിൽ സംശയമില്ല.

Sharing is caring!