പ്രവാസികള്‍ക്കായി ഭവനപദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്കായി ഭവനപദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

മലപ്പുറം: സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്ക് വേണ്ടി ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മലപ്പുറത്ത് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തില്‍ അംഗത്വമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,20000 പേരാണ് ഇപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ഇത് 10,00,000 ത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെകൂടി ഇതിന്റെ ഭാഗമാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന് വലിയ പങ്കുണ്ട്. അത് മനസ്സിലാക്കികൊണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്.

കേരളത്തിന്റെ ഇന്നത്തെ വികസന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ലോക കേരള സഭ അതിനുള്ള സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്. പല മേഖലകളിലും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മലയാളികള്‍ രാജ്യത്തിനുപുറത്തുണ്ട്. നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയും. വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പരസ്പരം മനസ്സിലാക്കാനും ലോക കേരള സഭ ഉപകരിക്കും. ഇത് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയല്ല, മറിച്ച് കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ക്ക് ഇടപെടാനുള്ള വേദിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരള പ്രവാസി വെല്‍ഫെയല്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ടി.കെ ഹംസ, അഡ്വ. പി.എം.എ സലാം, കേരളാ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ.ഒ സി.ജോസ്, ഡയറക്ടര്‍മാരായ ആര്‍. കൊച്ചുകൃഷ്ണന്‍, കെ.കെ ശങ്കരന്‍, കെ.സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.

Sharing is caring!