നാടിന്റെ അഭിമാന താരങ്ങള്‍ക്ക് അരിമ്പ്രയില്‍ സ്വീകരണം
മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരം അനസ് എടത്തൊടിക, ഇന്ത്യന്‍ ജൂനിയര്‍ താരങ്ങളായ ഷഹബാസ് അഹമ്മദ് അഹമ്മദ്, കെ ജുനൈന്‍ എന്നിവര്‍ക്ക് അരിമ്പ്രയില്‍ സ്വീകരണമൊരുക്കുന്നു. ഡിസംബര്‍ 24ന് വൈകീട്ട് 6.30ന് അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പൗരസമിതി സ്വീകരണം ഒരുക്കിയിട്ടുള്ളത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.
ഐഎം വിജയന് ശേഷം ഇന്ത്യയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനസ് ഫുട്‌ബോളില്‍ കരിയര്‍ ആരംഭിക്കുന്നത് അരിമ്പ്ര നെഹ്‌റു യൂത്ത് ക്ലബ്ബിന് വേണ്ടിയാണ്. ക്രിക്കറ്റ് താരമായിരുന്ന അനസിലെ ഫുട്‌ബോളറെ കണ്ടെത്തിയതും വളര്‍ത്തിയതും അധ്യാപകന്‍ സിടി അജ്മലാണ്. സെപ്റ്റംബറില്‍ നടന്ന അണ്ടര്‍15 സാഫ് കപ്പ് ജേതാക്കളാകുകയും 2018 ല്‍ മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍16 ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയും ചെയ്ത ഇന്ത്യന്‍ ടീമിന്റെ സ്റ്റോപ്പര്‍ ബാക്കാണ് എം.ഷഹബാസ് അഹമ്മദ്. ഇറാനില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ ഇന്ത്യന്‍ അണ്ടര്‍17 ടീമിനെ പ്രതിനിധാനം ചെയ്ത താരമാണ് കെ ജുനൈന്‍.
പി.ഉബൈദുല്ല എംഎല്‍എ, മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞാലന്‍ കുട്ടി, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍. ഹംസ, കായിക രംഗത്ത് നിന്ന് ലോക ഡ്വോര്‍ഫ് അത്‌ലറ്റിക്‌സില്‍ ത്രോ ഇനങ്ങളില്‍ ഇന്ത്യയ്ക്ക് നിരവധി മെഡലുകള്‍ നേടിക്കൊടുക്കുകയും ദേശീയ ഡ്വോര്‍ഫ് ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ആകാശ് എസ്.മാധവന്‍, ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും ഇതിഹാസ പുരുഷന്‍ ഒളിമ്പ്യന്‍ ടി. അബ്ദുറഹ്മാന്റെ മകന്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറര്‍ ടി.ഹാരിസ് റഹ്മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോക്ടര്‍ വി.പി സക്കീര്‍ ഹുസൈന്‍,മുന്‍ കേരളാ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍മാരായ ആസിഫ് സഹീര്‍, ജസീര്‍ കരണത്ത്, പി.ഉസ്മാന്‍, കെ.ഫിറോസ്,ഇന്ത്യന്‍ റയില്‍വേയുടെയും വിവാ കേരളാ ടീമിന്റെയും ക്യാപ്റ്റനായ സി. സിറാജുദ്ധീന്‍, റയില്‍വേയുടെ ഗോള്‍ കീപ്പറും അരിമ്പ്ര നെഹ്‌റു യൂത്ത് ക്ലബ്ബിലൂടെ ഔദ്യോഗിക ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുകയും ചെയ്ത സി. ജസീര്‍ മുഹമ്മദ്, മുന്‍ സെന്‍ട്രല്‍ എക്‌സൈസ് താരം റഫീഖ് ഹസ്സന്‍, കേരളാ പോലീസ് താരം കെ. മുഹമ്മദ് മര്‍സൂഖ്, മുന്‍ കല്‍ക്കട്ട മുഹമദന്‍സ് സ്‌പോര്‍ട്ടിംഗ് താരം കെ.പി സുബൈര്‍, മലപ്പുറം ജില്ലയെ ആറു തവണ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരാക്കി ഒരു ജില്ലയെ ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന കിരീടം ചൂടിച്ച പരിശീലകനെന്ന ബഹുമതിയ്ക്ക് പാത്രമായ സി.പി.എം ഉമ്മര്‍കോയ, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ.എ നാസര്‍, സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂപ്പര്‍ സ്റ്റുഡിയോ അശ്‌റഫ് എന്ന ബാവ, ജില്ലാ സെക്രട്ടറി ആശിഖ് തുറയ്ക്കല്‍, മലപ്പുറം ജില്ലയിലെ പ്രമുഖ ഫുട്‌ബോള്‍ പ്രൊമോട്ടര്‍ റോയല്‍ ട്രാവല്‍സ് മുഹമ്മദ് മുസ്തഫ, കായികാധ്യാപകന്‍ കെ.മന്‍സൂറലി എന്നിവര്‍ പങ്കെടുക്കും.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.