പ്രവാസിയില്‍നിന്നും പി.വി അന്‍വര്‍ തട്ടിയെടുത്ത 50ലക്ഷം തിരിച്ചു പിടിക്കാന്‍ കോടിയേരി ഇടപെട്ടിട്ടും നടന്നില്ല

പ്രവാസിയില്‍നിന്നും  പി.വി അന്‍വര്‍ തട്ടിയെടുത്ത  50ലക്ഷം തിരിച്ചു പിടിക്കാന്‍  കോടിയേരി ഇടപെട്ടിട്ടും നടന്നില്ല

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുത്ത 50ലക്ഷം രൂപ തിരിച്ചുമേടിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും ഇടപെട്ടിട്ടും തിരിച്ചു മേടിച്ചു നല്‍കാന്‍ സാധിച്ചില്ല.
പാര്‍ട്ടിക്കും അന്‍വറിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നു കണ്ടതോടെ പണം നഷ്ടപ്പെട്ട ഇടത് സഹയാത്രികനായ പ്രവാസി കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി പോലീസ് അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അരക്കോടി രൂപ കൈപ്പറ്റി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയില്‍ പി.വി.അന്‍വര്‍ എംഎല്‍ എക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു.മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരി ആര്‍.ചന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസ്സെടുത്തത്. മലപ്പുറം പാണക്കാട് പട്ടര്‍കടവ് നടുത്തൊടി അഹമ്മദ് കുട്ടിയുടെ മകന്‍ സലീം നടുത്തൊടി (58) ആണ് പരാതിക്കാരന്‍.

കര്‍ണാടകയിലെ ബല്‍ത്തങ്ങാടി മാലോടത്ത് കാരായ എന്ന സ്ഥലത്ത് ക്രഷര്‍ സ്വന്തമായി ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ഇതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തും പരാതിക്കാരനില്‍ നിന്ന് അന്‍വര്‍ അന്പതു ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.2011 ഡിസംബര്‍ 30ന് നാല്പത് ലക്ഷം രൂപയും 2012 ഫെബ്രുവരിയില്‍ പത്തു ലക്ഷം രൂപയും അന്‍വറിന്റെ മഞ്ചേരിയിലെ പിവിആര്‍ എന്ന സ്ഥാപന ഓഫീസില്‍ വെച്ച് നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. അഞ്ച് കോടി മൂല്യം കണക്കാക്കിയ ക്രഷറിന്റെ പത്തു ശതമാനം ഓഹരിയും പ്രതിമാസം 50000 രൂപ ലാഭ വിഹിതവുമായിരുന്നു വാഗ്ദാനം.

ഇതു സംബന്ധിച്ച് കരാറും തയാറാക്കിയിരുന്നു.എന്നാല്‍ നാളിതുവരെ പണമോ ലാഭവിഹിതമോ നല്‍കിയില്ല.25 വര്‍ഷമായി വിദേശത്ത് എന്‍ജിനീയറായി ജോലി ചെയ്യുന്ന സലീം ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനും സിപിഎം നേതാവുമായ എ.വിജയരാഘവനോട് സംഭവത്തില്‍ അന്വേഷണം നടത്താനും പ്രശ്‌നം രമ്യമായി പരിഹാരിക്കാനും കോടിയേരി നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ഇത് ഫലവത്താകാത്തതിനെ തുടര്‍ന്ന് വീണ്ടും കോടിയേരി ബാലകൃഷ്ണന് സലീം പരാതി നല്‍കിയെങ്കിലും വിഫലമാവുകയായിരുന്നു.തുടര്‍ന്നാണ് ഇക്കഴിഞ്ഞ 20ന് സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

Sharing is caring!