ലീഗിന്റെ ഇടപെടല്‍ ഫലം കണ്ടു, പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുടരും

ലീഗിന്റെ ഇടപെടല്‍ ഫലം കണ്ടു, പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുടരും

ന്യൂഡല്‍ഹി: മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് നിലനിര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. മലപ്പുറത്ത് നിന്നുള്ള എം പിമാരുടെ സംഘത്തിനാണ് ഓഫിസ് ആറ് മാസം കൂടി മലപ്പുറത്ത് തുടരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പ് നല്‍കിയത്. പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുടരണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി വിദേശകാര്യ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.

ഇന്നലെയാണ് മന്ത്രിയുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ചര്‍ച്ച നടത്തിയത്. ഓഫിസ് മലപ്പുറത്ത് തുടരേണ്ട ആവശ്യകത ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു. ആറ് മാസത്തേക്ക് കൂടി താല്‍ക്കാലികമായി ഓഫിസ് മലപ്പുറത്ത് തുടരുമെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി.

നിലവില്‍ അടച്ചു പൂട്ടിയ ഓഫിസിന്റെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് കൂട്ടി നീട്ടി വിദേശകാര്യ മന്ത്രാലയം രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു. ഇതാണ് ആറു മാസത്തേക്ക് കൂടി നീട്ടി കിട്ടിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് നേതൃത്വം വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതില്‍ അവസാന വിധി വരുന്നതിന് മുന്നേ പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം നീട്ടികൊണ്ട് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുസ്ലിം ലീഗ് സംഘം കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചതും ഓഫിസ് പ്രവര്‍ത്തനം നീട്ടി ഉത്തരവിറക്കിയതും.

Sharing is caring!