കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി പഠിക്കാന്‍ കര്‍ണ്ണാടക സംഘം മലപ്പുറത്ത്

കേരളത്തിലെ വിദ്യാഭ്യാസ  പുരോഗതി പഠിക്കാന്‍ കര്‍ണ്ണാടക സംഘം മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചു പഠിക്കാന്‍ കര്‍ണ്ണാടക സംഘം മലപ്പുറം ജില്ലയിലെത്തി. കര്‍ണ്ണാടക രാമനഗരം ഡയറ്റ് ഫാക്കല്‍റ്റികളാണ് പൊന്നാനിയിലെത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതാ നിലവാരത്തിലും, വിദ്യാഭ്യാസ പുരോഗതിയിലും ഏറെ മുന്നിലുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് മനസിലാക്കാനും, പഠിക്കുന്നതിനും വേണ്ടിയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള പന്ത്രണ്ടംഗ സംഘമെത്തിയത്.

കര്‍ണ്ണാടക – രാമനഗരം ഡയറ്റ് ഫാക്കല്‍റ്റീസ് പ്രിന്‍സിപ്പല്‍ കമ്പ രാജു, സീനിയര്‍ ലക്ചറര്‍ മുനി കൊമ്പ ഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത്. കേരളത്തിലേയും, കര്‍ണ്ണാടകയിലേയും വിദ്യാഭ്യാസ രംഗത്തുള്ള മാറ്റങ്ങളെക്കുറിച്ചും, സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സംഘം അധ്യാപകരില്‍ നിന്നും ചോദിച്ചറിഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി അനുപാതം വളരെ കൂടുതലാണെന്നും, എന്നാല്‍ കര്‍ണ്ണാടകയില്‍ പ്രാഥമിക വിദ്യാലയത്തിലെത്തുന്ന കുട്ടിയുടെ എണ്ണം കുറവാണെന്നും സംഘം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയില്‍ പൊന്നാനി തെയ്യങ്ങാട് എല്‍.പി.സ്‌കൂളിലും, പുറത്തൂര്‍ ജി.യു.പി.സ്‌കൂളിലുമാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി സംഘത്തെ സ്വീകരിച്ചു.

Sharing is caring!