മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ വിനോദം മാത്രമല്ല കാരുണ്യ സ്പര്‍ശവുമാണ്
മലപ്പുറം: കളിക്കപ്പുറം കാരുണ്യ സ്പര്ശമായാണ് മലപ്പുറം ജില്ലയില്‍ സെവന്‍സ് ഫുട്ബോളുകള്‍ നടക്കുന്നത്. ഓരോവര്‍ഷത്തേയും പോലെ ഈ സീസണിലും കാല്പന്തുകളിയുടെ ആവേശം വാനോളം നുരഞ്ഞുപൊന്തുമ്പോള്‍ പന്തുരുളുന്നത് അശരണര്‍ക്ക് കാരുണ്യമെത്തിക്കുകയെന്ന പ്രതിബദ്ധത ലക്ഷ്യമാക്കിയാണ്. സെവന്‍സ്ഫുട്ബോള്‍ അസോസിയേഷന്
സംസ്ഥാന ആസ്ഥാനംകൂടി ഉയരുന്നതോടെ
ജീവകാരുണ്യ പ്രവര്‍ത്തനം ഏകോപിക്കാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന് ഭാരവാഹികള്‍.
സെവന്‍സ് ഫുട്ബോളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്(എസ്.എഫ്.എ)യുടെ സംസ്ഥാന ആസ്ഥാന മന്ദിരത്തിന് കോട്ടയ്ക്കലില്‍ തറക്കല്ലിട്ടുകഴിഞ്ഞു. ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതോടെ അസോസിയേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.
നിലവില്‍ മലപ്പുറം ജില്ലയില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളുടെ വരുമാനത്തിന്റെ നിശ്ചിത വിഹിതം പാവപ്പെട്ടവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. ഈ മാതൃക പിന്‍പറ്റി സംസ്ഥാനത്തു നടക്കുന്ന മുഴുവന്‍ സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍നിന്നും നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിക്കുന്നതിനെ കുറിച്ച് അസോസിയേഷന് ആലോചിക്കുന്നുണ്ട്.
ടൂര്‍ണമെന്റുകളില്‍ നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികസേവനങ്ങള്‍ക്കും മാറ്റിവെച്ച് കാല്‍പ്പന്തുകളി സംസ്കാരത്തില്‍ പുത്തന്‍ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് സെവന്‍സ് ഫുട്ബോള്‍. വെറുമൊരു വിനോദമെന്നതിനുപരി നഗരങ്ങളിലും ഗ്രാമഹൃദയങ്ങളിലും കാല്‍പ്പന്തുകളി ഒരുപോലെ സ്വീകാര്യമാകുന്നതും മറ്റൊന്നും കൊണ്ടല്ല. ലോകത്തെവിടെ പന്തുരുണ്ടാലും അതിവിടത്തെ ഗ്രാമങ്ങളെ ഇളക്കിമറിക്കും. ലോകകപ്പ് ഫുട്ബോള്‍ വേളയില്‍ വിവിധ രാജ്യങ്ങളുടെ പതാകകളും ഫ്ളക്സുകളും നാട്ടി നാട്ടിന്‍പുറങ്ങള്‍ വരവേല്‍ക്കും. പ്രത്യേകിച്ച് മലപ്പുറത്ത്. സെവന്‍സ് സീസണുകളാകട്ടെ മലബാറുകാരുടെ കളിക്കമ്പത്തിനും വാശിക്കും തീ പിടിക്കുന്ന കാലവും. ലോകക്കപ്പിലും യൂറോയിലും കോപ്പയിലും ഇപ്പോള്‍ ഐ.എസ്. എല്ലിലും അത്കാണാം.
സന്തോഷ് ട്രോഫിയില്‍ മികച്ച കളിക്കാരെ സംഭാവന ചെയ്ത മമ്പാട്, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന് മുന്നില്‍. ജില്ലയുടെ കിഴക്കും പടിഞ്ഞാറും ഇതില്‍ വകഭേദമില്ല. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നും എത്തി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയവരാണിവരില്‍ പലരും. അതും നാട്ടുമൈതാനങ്ങളില്‍ കളിച്ചുവന്നവര്‍. കാല്‍പ്പന്തുകളി മത്സരത്തിനുള്ള ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ ഇലവന്സില് നിന്ന് തുടങ്ങി സെവന്‍സ്, ഒടുവില്‍ ഫൈവ്സ്ടൂര്‍ണമെന്റുകളായി രൂപാന്തരപ്പെട്ടു.
സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടത്തി കിട്ടുന്ന ലാഭം സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും, നാടിന്റെ വികസനത്തിനും വിനിയോഗിക്കുന്ന പ്രവണത മാതൃകാപരമാണ്. കേരളസെവന്‍സ് അസോസിയേഷനു കീഴില്‍ പതിനഞ്ചോളം സെവന്‍സ് ടൂര്‍ണമെന്റുകളാണ് പ്രധാനമായും മലപ്പുറത്തുണ്ടാകാറുള്ളത്. മലപ്പുറം എം.എസ്.പി ട്രോഫി, എടവണ്ണ സീതിഹാജി മെമ്മോറിയല്‍, റോയല്‍ റെയിന്‍ബോ മൊറയൂര്‍, തിരൂരങ്ങാടി ടൂര്‍ണമെന്റ്, പ്രസിഡന്‍സി പെരിന്തല്‍മണ്ണ, തുറക്കല്‍ ബാപ്പുട്ടി മെമ്മോറിയല്‍, തെരട്ടമ്മല്‍ ജകീയടൂര്‍ണമെന്റ്, ചിരാത് വളാഞ്ചേരി, മുസ്തഫ കുരിക്കള്‍ മെമ്മോറിയല്‍ ഫുട്ബോള്‍ കരുവാരക്കുണ്ട്, ബ്രദേഴ്സ് വഴിക്കടവ്, അല്‍ അസ്ഹര്‍ കോട്ടക്കല്‍, വൈഎഫ്സി എടരിക്കോട്, മമ്പാട് സെവന്‍സ്, റോയല്‍ മഞ്ചേരി, പറപ്പുര് സെവന്‍സ്, പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടിനഹ മെമ്മോറിയല്‍ എന്നിവയെക്കൂടാതെ അസോസിയേഷന് അംഗീകാരമില്ലാത്ത നിവധി ടൂര്‍ണമെന്റുകള്‍ ഉള്‍ഗ്രാമങ്ങളില്‍ കാണാം.ഡിസംബറോടെയാണ് സെവന്‍സുകള്‍ക്ക് തുടക്കമായത്
കൂറ്റന്‍ കാലുകള്‍ നാട്ടിയുള്ള സ്പോട്ട്ലൈറ്റ് ഫ്ളഡ്ലിറ്റ് സംവിധാനത്തോടെയാകും മൈതാനങ്ങള്‍ സജ്ജീകരിക്കുക. കമുകിന് തടികളും മുള കൊണ്ടും ഗ്യാലറികളുമൊരുങ്ങും.ഇവിടങ്ങളില്‍ നിന്ന് ഉയരുന്ന നിലക്കാത്ത ആരവം ഇനിയുള്ള ദിവസങ്ങളില്‍ ഇനി സെവന്‍സിന്റെ കുളിര് പകരുന്നതാവും. ഒപ്പംകുറേ കാരുണ്യത്തിന്റെ കയ്യൊപ്പുകളും.
നിലവില്‍ ഒതുക്കുങ്ങല്‍ റോയല്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വരുമാനം പൂര്‍ണമായും സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കും. വന്‍കാണികളുടെ ബാഹുല്യമാണ് ഒതുക്കുങ്ങലില്‍ മത്സരങ്ങള്‍ക്കുള്ളത്. കളി ആരംഭിക്കുമ്പോള്‍ ഏഴായിരംപേര്‍ക്ക് ഇരിക്കാരുന്ന ഗ്യാലറിയാണ് പണിതതെങ്കിലും നലവില്‍ കാണികളുടെ ബാഹുല്യം കാരണം കൂടുതല്‍ സീറ്റുകള്‍ താല്‍ക്കാലികമായി ഉണ്ടാക്കിക്കഴിഞ്ഞു. ഒരു ടീമില്‍ മൂന്നു വിദേശതാരങ്ങളെ വരെ മത്സരിപ്പിക്കാന്‍ സെവന്‍സ് ഫുട്ബോളില്‍ അനുമതിയുള്ളതിനാല്‍തന്നെ കാണികളുടെ ബാഹുല്യം വര്‍ധിപ്പിക്കുന്നുണ്ട്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]