സി പി എം-എസ് ഡി പി ഐ കൂട്ടുകെട്ടിന് വിമര്‍ശിച്ച് സി പി ഐ ജില്ലാ സമ്മേളനം

സി പി എം-എസ് ഡി പി ഐ കൂട്ടുകെട്ടിന് വിമര്‍ശിച്ച് സി പി ഐ ജില്ലാ സമ്മേളനം

വണ്ടൂര്‍: സി പി ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സി പി എം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം. നിലമ്പൂരില്‍ പോലീസുകാര്‍ വെടിവെച്ച് കൊന്ന മാവോയിസ്റ്റുകള്‍ക്ക് അനുശോചനവും യോഗം രേഖപ്പെടുത്തി. പറപ്പൂര്‍ പഞ്ചായത്തില്‍ അധികാരം പിടിക്കാന്‍ സി പി എം എസ് ഡി പി ഐയുമായി കൂട്ടുകൂടിയതാണ് സി പി ഐയെ ചൊടിപ്പിച്ചത്.

സമ്മേളനത്തിന് മുമ്പായി ഒട്ടേറെ സി പി ഐക്കാര്‍ സി പി എമ്മിലേക്ക് ചേക്കേറിയിരുന്നു. ഇതും ജില്ലയിലെ സി പി എം-സി പി ഐ ബന്ധത്തെ ബാധിച്ചിട്ടുണ്ട്. നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ അജിതയ്ക്കും, കെ ബാബുരാജിനും യോഗം അനുശോചനം രേഖപ്പെടുത്തി. നിലമ്പൂരില്‍ നടന്ന പോലീസ് അതിക്രമമാണെന്ന നിലപാടിലാണ് സി പി ഐ.

സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലും സി പി എമ്മിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വര്‍ഗീയതയെ എതിര്‍ക്കുന്നുവെന്ന് പറയുന്നവര്‍ ചില പഞ്ചായത്തുകളില്‍ ഇരട്ടതാപ്പാണ് കാട്ടുന്നതെന്ന് സി പി ഐ കുറ്റപ്പെടുത്തി. ഇടതു സമീപനത്തിന് വിരുദ്ധമായ നിലപാടാണ് സി പി എം പറപ്പൂര്‍ പഞ്ചായത്തില്‍ കൈക്കൊണ്ടത്. മറ്റ് ചില പഞ്ചായത്തുകളിലും സി പി എം ഇതേ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി.

ലൈഫ് മിഷന്‍ പദ്ധതിയെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നുമായിരുന്നു സി പി ഐ പ്രമേയത്തിലൂടെ വ്യക്തമാക്കിയത്. സി പി ഐയുടെ പുതിയ ജില്ലാ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും.

 

Sharing is caring!