മാഞ്ചസ്റ്റര്‍ മുതല്‍ മഞ്ചേരി വരെ, കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ഫുട്‌ബോള്‍ വര്‍ത്തമാനം

പി നബീല്‍
മാഞ്ചസ്റ്റര്‍ മുതല്‍ മഞ്ചേരി വരെ, കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ഫുട്‌ബോള്‍ വര്‍ത്തമാനം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആത്മാവ് തേടി മാധ്യമപ്രവര്‍ത്തകരായ റിയാസ് ഷഹബാസ് എന്നിവരോടൊപ്പം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലാണ് കൊല്‍കത്തയില്‍ നിന്നുള്ള പന്ത് കളി സംഘത്തെ പരിചയപ്പെട്ടത്. ഹൗറയില്‍ നിന്നും സിലിഗുരിയിലേക്കാണ് ടീമിന്റെ യാത്ര. പ്രാദേശിക ടീമിലെ 15 അംഗമാണ് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ എസ് ടു കോച്ചില്‍ ഞങ്ങളോടൊപ്പമുള്ളത്. നമ്മുടെ നാട്ടിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പോലെയുള്ള ഏതോ മത്സരമാണ് നടക്കുന്നത്. സെവന്‍സിന് പകരം നയന്‍സ് ആണെന്ന് മാത്രം.

പരിചയപ്പെടുത്തലിനിടയില്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കളിക്കാര്‍ക്ക് ഏറെ ഇഷ്ടം. വിജയനെയും അഞ്ചേരിയേയും അനസിനെയുമടക്കം അവര്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന വിദേശതാരം ബണ്ടിക്ക് കേരളത്തെ കുറിച്ച് പറയാന്‍ നൂറ് നാവ്. മലപ്പുറത്ത് നിന്നാണെന്നറിഞ്ഞപ്പോള്‍ ബണ്ടി വാചാലനായി. മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ്ബിന്റെ താരമാണ് ബണ്ടി. ക്ലബ്ബ് അറിയാതെയാണ് സിലിഗുരിയില്‍ കളിക്കാന്‍ പോകുന്നത്. മുഹമ്മദന്‍സിന് വേണ്ടി മഞ്ചേരിയില്‍ ഫെഡറേഷന്‍ കപ്പിന്റെ ഓര്‍മകളും ബണ്ടി പങ്കുവച്ചു. താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ മലപ്പുറത്ത് വിവിധ ക്ലബ്ബുകള്‍ക്കായി സെവന്‍സ് കളിക്കുന്നുണ്ടെന്നും പറഞ്ഞു.

ചര്‍ച്ച മുറുകിയപ്പോള്‍ ഐസ്വാളിലേക്കുള്ള വിദ്യാര്‍ഥിനികളും കൂടി. കൊല്‍ക്കത്തയില്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളാണവര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഓരോ ചലനങ്ങളെ കുറിച്ചുമുള്ള കൃത്യമായ വിവരം അവര്‍ക്കുണ്ട്. മിസോറാമുകാരുടെ ജീവിതം തന്നെ പന്ത് കളിയാണ്.ഐസ്വാളിന്റെ കളി വരുന്ന ദിവസം അവിടെ ഹര്‍ത്താല്‍ പ്രതീതി ആയിരിക്കുമത്രെ. എല്ലാവരും കളി കാണാനായെത്തും. ടിക്കറ്റ് ലഭിക്കാനായി മണിക്കൂറുകള്‍ വരി നില്‍ക്കാനും ആരാധകര്‍ക്ക് മടിയില്ല. പന്ത് കളി വെറുമൊരു വിനോദമല്ലെന്നും രക്തത്തില്‍ അലിഞ്ഞ വികാരമാണെന്നും അവര്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കുറിച്ചും ടീമിലെ ടിപി രഹനേഷിനെ കുറിച്ചും മലപ്പുറത്തുകാരന്‍ ഹക്കുവിനെ കുറിച്ചുമെല്ലാം വിദ്യാര്‍ഥിനികള്‍ പങ്ക് വച്ചപ്പോള്‍ മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നി.

ട്രെയ്ന്‍ സിലിഗുരി എത്തിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. സിലിഗുരി എത്തുന്നത് വരെയും സംസാരം പന്ത്കളി മാത്രമായിരുന്നു. മെസ്സിയും റൊണോള്‍ഡോയും അനസും ചേത്രിയുമെല്ലാം സംസാരവിഷയങ്ങളായി. സിലിഗുരിയില്‍ ഇറങ്ങിയ ടീമംഗങ്ങള്‍ മലപ്പുറത്തിന്റെ മണ്ണില്‍ കളി കാണാനായി ഒരിക്കല്‍ എത്തുമെന്ന ഉറപ്പിലാണ് പിരിഞ്ഞത്.

Sharing is caring!