കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്പാ തെറാപ്പി കോഴ്‌സ് ആരംഭിച്ചു

കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്പാ തെറാപ്പി കോഴ്‌സ് ആരംഭിച്ചു

കോട്ടക്കല്‍: ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതിയുമായി സഹകരിച്ച് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ എസ് എസ്) മലപ്പുറം യൂണിറ്റ് ഡോ ആലിക്കുട്ടീസ് കോട്ടക്കല്‍ ആയുര്‍വേദ ആന്റ് മോഡേണ്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന ആയുര്‍വേദ സ്പാ തെറാപ്പി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം കെ കെ ആബിദ് ഹുസൈന്‍ എം എല്‍ എ നിര്‍വഹിച്ചു. മുപ്പത് കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ സൗജന്യമായി സ്പാ തെറാപ്പിയില്‍ പരിശീലനം നല്‍കുന്നത്. കുട്ടികള്‍ക്കുള്ള ബാഗ് വിതരണം ജെ എസ് എസ് ചെയര്‍മാനും, എം പിയുമായ പി വി അബ്ദുല്‍ വഹാബ് നിര്‍വഹിച്ചു.

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഠിതാക്കള്‍ക്ക് സ്പാ തെറാപ്പിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് പഠിക്കാനും, ചെയ്ത് പഠിക്കാനുമുള്ള അവസരം ലഭിക്കും.

ഒരു ജോലി എന്നത് ഏവരുടേയും സ്വപ്‌നമാണ് അതിലേക്ക് കടക്കാന്‍ സഹായിക്കുന്നതാണ് ഇത്തരം തൊഴിലധിഷ്ഠിത പരിശീലന പരിപാടികളെന്ന് ആബിദ് ഹുസൈന്‍ എം എല്‍ എ പറഞ്ഞു. എല്ലാവരേയും ഏതെങ്കിലും കൈത്തൊഴില്‍ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. ജില്ലയുടെ പല ഭാഗത്തായി ഇത്തരം വിവിധ പരിശീലന പദ്ധതികള്‍ ജെ എസ് എസിന്റെ കീഴില്‍ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഠിത്താക്കള്‍ക്കുള്ള കൈപ്പുസ്തകം ആശുപത്രി ചെയര്‍മാന്‍ ഡോ പി അബ്ദുല്‍ നാസര്‍ വിതരണം ചെയ്തു.

മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി പി സുബൈര്‍, വാര്‍ഡ് കൗണ്‍സിലര്‍ യൂസഫ്, ജെ എസ് എസ് ഡയറക്ടര്‍ വി ഉമ്മര്‍കോയ, ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ ഡോ പി റഹ്മത്തുള്ള ആശുപത്രി എം ഡി അന്‍വര്‍ പി സാദത്ത്, എന്‍ യു എല്‍ എം കോട്ടക്കല്‍ സിറ്റി മാനേജര്‍ സുനില്‍, ഡോ നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!