7ലക്ഷം രൂപക്ക് മലപ്പുറത്ത് ആനക്കൊമ്പ് വില്‍പന

7ലക്ഷം രൂപക്ക്  മലപ്പുറത്ത്  ആനക്കൊമ്പ്  വില്‍പന

മലപ്പുറം: ഏഴുലക്ഷം രൂപക്ക് ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച നാലംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. വില്‍പന നടത്താനായി അനധികൃതമായി കടത്തികൊണ്ടു പാലക്കാട് അഗളി ചിറവൂര്‍ വക്കുകടവ് സ്വദേശി സുബ്രഹ്്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രന്‍ (37), രംഗസ്വാമി (57),മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടില്‍ അഷറഫ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആനയെ വേട്ടയാടി കൊമ്പുകളെടുത്ത് വില്‍പന നടത്തുന്ന സംഘമാണിതെന്ന് സംശയിക്കുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി.മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്.ബിനു,എസ്.ഐ. വി.കെ.കമറുദ്ദീന്‍,ജുനിയര്‍ എസ്.ഐ.എം.ബി.രാജേഷ് ന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് രാത്രിയില്‍ പെരിന്തല്‍മണ്ണയിലെ ബൈപാസ് റോഡില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൂതയിലുള്ള ഒരാള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കോയമ്പത്തൂര്‍ പെരിനായ്കപാളയത്തെ പാലമട കോളനിയില്‍ നിന്ന് ആനക്കൊമ്പുകള്‍ കൊണ്ടു വരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഏഴു ലക്ഷംരൂപക്ക് വില്‍പ്പന നടത്താനായിരുന്നു കരാര്‍. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ടെ ഒരു വീട്ടിലെത്തിച്ച കൊമ്പുകള്‍ കച്ചവടമുറപ്പിച്ച ശേഷം തൂതയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും കേസ് വനം വകുപ്പിന് കൈമാറുമെന്നും പെരിന്തല്‍ണ്ണ ഡി.വൈ.എസ്.പി: എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു.

Sharing is caring!