ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരനെ മലപ്പുറം പോലീസ് പിടികൂടി

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരനെ  മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ മലപ്പുറം പോലീസ് സംഘം ദല്‍ഹിയിലെത്തി പിടികൂടി. ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്ന നൈജീരിയക്കാരന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്.

ഐ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ ഒട്ടേറെ പേരെ ഇന്റര്‍നെറ്റ് മുഖേന വഞ്ചിച്ച് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കേരളത്തിലെത്തിയിട്ടുള്ള ഇയാള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം ദല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി ദല്‍ഹിയിലെത്തി പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ലക്ഷക്കണക്കിന് വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് വ്യാജ എസ്.എം.എസ് അയക്കുകയും അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ചെയ്ത് പലരില്‍ നിന്നായി ഇയാള്‍ വന്‍തക തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, പി. മുഹമ്മദ് സലീം എന്നിവരാണ് ഡല്‍ഹിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!