രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കള്‍ സ്നേഹത്തണല്‍ തേടി പാണക്കാടെത്തി

രാജസ്ഥാനില്‍ കൊല്ലപ്പെട്ട  ഉമര്‍ഖാന്റെ മക്കള്‍ സ്നേഹത്തണല്‍ തേടി  പാണക്കാടെത്തി

മലപ്പുറം: അനാഥത്വത്തിന്റെ നെരിപ്പോടില്‍ നിന്ന് സനേഹത്തിന്റെ കുളിര്‍ തേടി രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും, മഖ്സൂദും ഹരിയാനയില്‍ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഖസാമും പാണക്കാടെത്തി. ഒരു പാട് പേരുടെ ആവലാതികള്‍ക്ക് അഭയമായ വീട് അവരെയും സ്നേഹപൂര്‍വ്വം സ്വീകരിച്ചു. തിരക്കുകള്‍ക്കിടയിലും നല്ല ആതിഥേയനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മെഹ്നയുടെ കൈ പിടിച്ച് വീട്ടിലെ സ്വീകരണ മുറിയിലേക്ക്. മഖ്സുദിനോടും, ജുനൈദിന്റെ സഹോദരന്‍ ഖസാമിനോടും കേസിന്റെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. അപ്പോഴേക്കും കുട്ടി അതിഥികളെ കാണാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി യും പാണക്കാടെത്തി. കേരളം ഇഷ്ടമായോ എന്ന ചോദ്യത്തിന് മെഹ്ന തലയാട്ടി. കേരളത്തില്‍ പഠിക്കുന്നോ എന്ന് ചോദിച്ചപ്പോഴും പുഞ്ചിരിയോടെ അവള്‍ തലയാട്ടി. കുടുംബവുമായി ബന്ധപ്പെട്ട്, വിദ്യഭ്യാസത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നേതാക്കന്‍മാര്‍ക്ക് തങ്ങള്‍ നിര്‍ദ്ദേശം നല്‍കി. മെഹ്നയെ അടുത്തിരുത്തി ആശ്വസിപ്പിച്ചു. നിറുകയില്‍ കൈവച്ച് പ്രാര്‍ത്ഥനയോടെ അനുഗ്രഹിച്ചു.
നേതാക്കന്‍മാര്‍ക്ക് ഉമ്മ സൈറാബാനുവിന്റെ സമ്മാനവുമായിട്ടാണ് ജുനൈദിന്റെ സഹോദരന്‍ ഖസാം എത്തിയത്. അവര്‍ കൊടുത്തയച്ച ഷാള്‍ ഖസാം തങ്ങളെയും, പി കെ കുഞ്ഞാലിക്കുട്ടിയെയും അണിയിച്ചു. ജുനൈദിന്റെ ഉമ്മ സ്വന്തം കൈ കൊണ്ടു തുന്നിയുണ്ടാക്കിയ ‘ഡലിയ’ (തീന്‍മേശയില്‍ ഉപയോഗിക്കുന്ന പാത്രം) തങ്ങള്‍ക്കു നല്‍കി. പെരുന്നാള്‍ ദിവസം നഷ്ടപ്പെട്ടു പോയ മകന്റെ ഓര്‍മ്മയില്‍ വെന്തുരുകിയ ദിവസങ്ങളില്‍ സാന്ത്വനമായും, സഹായമായും തേടി വന്ന രാഷ്ട്രീയത്തിന്റെ അമരക്കാരനായ തങ്ങള്‍ സാഹിബിനു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും, എന്നും ആ കരുതലിന് കടപ്പെട്ടിരിക്കുമെന്നും ഖസാം പറഞ്ഞു. ആള്‍ക്കൂട്ടം അനാഥരാക്കിയ പറക്കമുറ്റാത്ത മക്കളെ ലീഗ് രാഷ്ടീയം സനാഥരാക്കുമെന്നും, എന്താവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും ആശ്വസിപ്പിച്ചാണ് അവരെ നേതാക്കന്‍മാര്‍ യാത്രയാക്കിയത്. സലാം പറഞ്ഞ് കുഞ്ഞു മെഹ്ന പടിയിറങ്ങിയപ്പോള്‍ കൂടി നിന്നവരുടെ കണ്ണു നിറഞ്ഞു.

Sharing is caring!