പൊന്നാനിയിലെ കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പൊന്നാനിയിലെ  കടല്‍ഭിത്തി  നിര്‍മ്മാണം ഉടന്‍: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പൊന്നാനി:പൊന്നാനിയിലെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് ഉടന്‍ നടപടി കൈകൊള്ളുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ എം.പി. സന്ദര്‍ശിച്ചു.

പൊന്നാനിയിലെ കടല്‍ തീരങ്ങളില്‍ ശാശ്വതമായ കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.ഇതിനായി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി ഐ.ഐ.ടി.യുടെ പഠന റിപ്പോര്‍ട്ട് വരുന്ന മുറക്ക് പൊന്നാനിയില്‍ കടല്‍ഭിത്തി പൂര്‍ണ്ണമായ രീതിയില്‍ നിര്‍മ്മിക്കും. താല്ക്കാലിക ആശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച തുക വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലത്തുകയും, സ്ഥിരം പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടെയാണ് എം.പി.തീരദേശത്ത് സന്ദര്‍ശനത്തിനെത്തിയത്. കടലാക്രമണം രൂക്ഷമായ അഴീക്കല്‍ പ്രദേശത്ത് നിന്നും കടലാക്രമണ ബാധിതരെ നേരില്‍ കണ്ട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ചുറ്റുമതില്‍ തകര്‍ന്ന ലൈറ്റ് ഹൗസ് പരിസരവും സന്ദര്‍ശിച്ചു. പിന്നീട് കടലാക്രമണം രൂക്ഷമായിരുന്ന മുറിഞ്ഞഴി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഇ ടി.യോടൊപ്പം യു.ഡി.എഫ് നേതാക്കളായ വി – പി .ഹുസൈന്‍കോയ തങ്ങള്‍, അഹമ്മദ് ബാഫഖി, ഉണ്ണികൃഷ്ണന്‍ പൊന്നാനി, വി.വി.ഹമീദ്, എം.അബ്ദുള്‍ ലത്തീഫ് ,സി.ഗംഗാധരന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

Sharing is caring!