കോഴിക്കോട്ടെ തെരുവുഗായകര്‍ ആദ്യമായി ഗള്‍ഫിലിലേക്ക്

കോഴിക്കോട്ടെ  തെരുവുഗായകര്‍  ആദ്യമായി  ഗള്‍ഫിലിലേക്ക്

ദോഹ: തെരുവുകളില്‍ പാട്ടുപാടി ജീവിതം നയിക്കുന്ന ഇന്ത്യയിലെ സംഗീത കുടുംബം ആദ്യമായി കടല്‍കടന്നെത്തുന്നു. കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് വോയ്‌സ് ഓഫ് സ്ട്രീറ്റ് പരിപാടിക്കായാണ് ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയ ബാബു ഭായ്, ഭാര്യ ലത, മകള്‍ കൗസല്യ എന്നിവരെത്തുന്നത്. ഡിസംബര്‍ 21ന് വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളിലാണ് ചടങ്ങെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ സ്‌കിറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയ രണ്ടര മണിക്കൂര്‍ സംഗീതവിരുന്നാണ് അരങ്ങേറുക. വര്‍ത്തമാന ജീവിതത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ പ്രാന്തവത്കരിക്കപ്പെടുന്നവരുടെ അതിജീവനത്തിന്റെ ശീലുകളാണ് ഇവരുടെ ഗാനാലപനമെന്ന് സംഘാടകര്‍ വിശദീകരിച്ചു. കോഴിക്കോട്ടേയും കേരളത്തിലെ മറ്റ് ഭാഗങ്ങളിലേയും തെരുവോരങ്ങളില്‍ പാട്ടുപാടി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന ബാബുഭായിയും കുടുംബവും 75 വര്‍ഷങ്ങളായി കോഴിക്കോട്ടാണ് ജീവിക്കുന്നത്. ഉപകരണ സംഗീതം കൊണ്ടും ശബ്ദമാധുരികൊണ്ടും ശ്രദ്ധേയരായ ഇവര്‍ തെരുവില്‍ പാടിയാണ് ജീവിതവും ഒപ്പം രണ്ടുകുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നത്.

ഇന്ത്യാവിഷന്‍ നടത്തിയ സ്ട്രീറ്റ് ലൈറ്റ് എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴാണ് ഇവര്‍ക്ക് കിടന്നുറങ്ങാന്‍ കൂരയുണ്ടായത്. യാത്രാരേഖകള്‍ ഒന്നുമില്ലാതിരുന്ന ബാബുഭായിക്കും കുടുംബത്തിനും ഇതെല്ലാം സംഘടിപ്പിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കോഫി ഹൗസ് മുഖ്യപ്രായോജകരായ പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍ 98.6 എഫ് എം ആണ്. ഇന്ത്യന്‍ കോഫി ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുധി നിറം, കരുണ ഖത്തര്‍ ജനറല്‍സെക്രട്ടറി റിജു ആര്‍, സെക്രട്ടറി ഷെരീഫ് ചെരണ്ടത്തൂര്‍, ഷെല്‍ട്ടര്‍ ഇന്റര്‍നാഷണല്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ റെജു മാത്യു സക്കറിയ, സംഘാടക സമിതി ചെയര്‍മാന്‍ അശ്‌റഫ് തൂണേരി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!