സീസണിലെ രണ്ടാം തോല്‍വിയുമായി ഗോകുലം കേരള എഫ് സി

സീസണിലെ രണ്ടാം തോല്‍വിയുമായി ഗോകുലം കേരള എഫ് സി

മലപ്പുറം: ഐ-ലീഗ് ഫുട്‌ബോളില്‍ മൂന്ന് മല്‍സരങ്ങള്‍ പിന്നിട്ടിട്ടും ഗോകുലം കേരള എഫ് സിക്ക് വിജയം അകലെ. ആദ്യ സീസണില്‍ തന്നെ ആദ്യ നാല് സ്ഥാനങ്ങളിലെത്തണമെന്ന ലക്ഷ്യമായിറങ്ങിയ ടീമിന് സീസണിലെ രണ്ടാമത്തെ തോല്‍വി. കൊടും ചൂടില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് കളിക്കാനിറങ്ങിയ ഗോകുലത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നെറോക എഫ് സിയാണ് കീഴടക്കിയത്.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ക്ക് മലപ്പുറത്തിന്റെ സ്വന്തം ടീമായ ഗോകുലം എഫ് സി വഴങ്ങിയിരുന്നു. ഗോള്‍ തിരിച്ചടിക്കാനുള്ള ഗോകുലം എഫ് സിയുടെ അവസരങ്ങള്‍ ഓരോന്നായി നെറോകയുടെ പ്രതിരോധം തകര്‍ത്തു.

ആദ്യ മല്‍സരത്തില്‍ ഷില്ലോങ് ലജോങ് എഫ് സിയോട് തോറ്റാണ് തങ്ങളുടെ ഐ ലീഗ് സീസണ് ഗോകുലം എഫ് സി തുടക്കം കുറിച്ചത്. ആദ്യ ഹോം മല്‍സരത്തില്‍ ചെന്നൈ എഫ് സിയോട് കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ടീമും, ആരാധകരും വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷേ സമനിലയായിരുന്നു ഫലം.

ഐ ലീഗ് പോയന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കേരളത്തില്‍ നിന്നുള്ള ടീം. ഇന്ത്യന്‍ ആരോസിനെതിരെയാണ് ഗോകുലം എഫ് സിയുടെ അടുത്ത മല്‍സരം.

Sharing is caring!