ഫാ. ടോം ഉഴുന്നാല്‍ 11ന് മലപ്പുറത്ത്

ഫാ. ടോം ഉഴുന്നാല്‍  11ന് മലപ്പുറത്ത്

മലപ്പുറം: ഐ എസ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിന് നിലമ്പൂരില്‍ പൗരസ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫാദറിന്റെ മോചനത്തിനായി നിരാഹാരമിരുന്ന സംഘത്തിന് കീഴിലാണ് ഫാ. ടോം ഉഴുന്നാലിന് നിലമ്പൂരില്‍ പൗരസ്വീകരണം നല്‍കുന്നത്.

ലിറ്റില്‍ ഫല്‍വര്‍ ഫൊറോന ദേവാലയത്തില്‍ ഈ മാസം 12ന് രാവിലെ 10ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഉഴുന്നാലിന് 11ന് ഒ സി കെ ഓഡിറ്റോറിയത്തിലാണ് പൗരസ്വീകരണം നല്കുന്നത്. താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനില്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയാവും.

പി വി അബ്ദുല്‍ വഹാബ് എം പി, പി വി അന്‍വര്‍ എം എല്‍ എ, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മതസൗഹാര്‍ദ്ധം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള സ്വീകരണമാണ് ഒരുക്കുന്നത്.

സിബി വയലിലിന്റെ നേതൃത്വത്തില്‍ ഫാ. ടോമിന്റെ മോചനത്തിനായി ശക്തമായ ഇടപെടലാണ് നിലമ്പൂരില്‍ നിന്നുണ്ടായത്. കോഴിക്കോട് മാനാഞ്ചിറയില്‍ ഉപവാസം, പ്രധാനമന്ത്രിക്ക് ഒരു ലക്ഷം പരാതിയയച്ചുള്ള ഓണ്‍ലൈന്‍ ക്യാംപയിനും നടത്തിയിരുന്നു. സിബിവയലിലിന്റെ വസതിയും ഫാ. ടോം സന്ദര്‍ശിക്കും.

ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സിബിവയലില്‍, ഷാജി പി മാത്യു പൂവത്താനി, അബ്രഹാം ജോസഫ്, കോക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!