20വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാമദാസന്‍പോറ്റിയും രജനിയും വിവാഹിതരായി

20വര്‍ഷത്തെ കാത്തിരിപ്പിന്  ശേഷം രാമദാസന്‍പോറ്റിയും രജനിയും വിവാഹിതരായി

മലപ്പുറം: പൊന്നാനി എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിലൂടെ 20വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാമദാസന്‍പോറ്റിയും രജനിയും വിവാഹിതരായി. ചുവപ്പുനാടയില്‍ കുടുങ്ങിയ ഫയല്‍ പോലെയായിരുന്നു രാമദാസന്‍ പോറ്റിയുടെയും രജനിയുടെയും പ്രണയം. എങ്കിലും സെക്രട്ടേറിയേറ്റിലെ ഫയലുകള്‍ക്കിടയിലിരുന്ന് ഇരുവരും പ്രണയിച്ചു. ഒന്നും രണ്ടും വര്‍ഷമല്ല 20 വര്‍ഷമായിരുന്നു കാത്തിരിപ്പ്. രജനിക്കും രാമദാസനും നാല്‍പ്പതും അമ്പതും പിന്നിട്ടും, പക്ഷെ ഇരുവരുടെയും പ്രണയത്തിന് ഇരുപതുകളുടെ ചെറുപ്പമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ശ്രീപദ്മം കല്യാണമണ്ഡപത്തില്‍ ഇരുവരും വിവാഹിതരാകുമ്പോള്‍ കാര്‍മികനായത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

1996 ജൂലായില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റുമാരായാണ് ഇരുവരും ജോലിയില്‍ കയറുന്നത്. അക്കൗണ്ട്സ് വിഭാഗത്തി (സര്‍വീസസ്) ലായിരുന്നു നിയമനം. ഇരുവരും നല്ല സൗഹൃദത്തിലും പിന്നീടു പ്രണയത്തിലുമായി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തുണച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് മാറിയില്ല. ആത്മഹത്യചെയ്യാനോ, വീട്ടുകാരെ ധിക്കരിക്കാനോ ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. പക്ഷെ മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഇരുവരും തയാറായില്ല. കാത്തിരിപ്പുകള്‍ക്കിടയിലും ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വഹിച്ചു. എന്നെങ്കിലും ഒരിക്കല്‍ വീട്ടുകാര്‍ സമ്മതിക്കുമെന്ന പ്രതീക്ഷയുമായി ഒരേ ഓഫീസില്‍ ഇരുവരും കാത്തിരുന്നു.

അടുത്തിടയ്ക്കാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇരുവരുടെയും പ്രണയകഥ കേള്‍ക്കുന്നത്. ഇരുവരെയും ഒരുമിപ്പിക്കാന്‍ സ്പീക്കര്‍ തന്നെ മുന്‍കൈയെടുത്തു. വീട്ടുകാരോട് സംസാരിച്ചു. അവസാനം വീട്ടുകാര്‍ പ്രണയത്തിനുമുന്നില്‍ തോറ്റു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി തന്നെ രജനി കതിര്‍മണ്ഡപത്തിലെത്തി. വരണമാല്യം എടുത്തു നല്‍കി കാര്‍മികനായി സ്പീക്കറും ഒപ്പം നിന്നു. കടയ്ക്കല്‍ കുമ്മിള്‍ ആയ്ക്കോട്ട് പുത്തന്‍മഠത്തില്‍ പരേതരായ എന്‍. ശങ്കരന്‍പോറ്റിയുടെയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളായ ജി. രാമന്റെയും രത്നമ്മാളിന്റെയും മകളാണ് രജനി

Sharing is caring!