ഖുര്‍ആന്‍ വചനത്തിനു പകരം പച്ചത്തെറികളാണു പ്രബോധനത്തിനു ഉപയോഗിക്കുന്നത്; സംവിധായകന്‍ സലാം ബാപ്പു

ഖുര്‍ആന്‍ വചനത്തിനു പകരം പച്ചത്തെറികളാണു പ്രബോധനത്തിനു ഉപയോഗിക്കുന്നത്; സംവിധായകന്‍ സലാം ബാപ്പു

മലപ്പുറം: സോഷ്യല്‍ മീഡിയയിലെ ദീനിപ്രബോധകരെ കൊണ്ട് ഇസ്‌ലാമും മുസ്‌ലിംകളും നാറിതുടങ്ങിയെന്ന് സംവിധായകന്‍ സലാം ബാപ്പു. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മൊബുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ് സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലന്‍ നായകനായ റെഡ് വൈന്‍, മമ്മൂട്ടി ചിത്രമായ മംഗ്ലീഷ് എന്നിവയുടെ സംവിധായകനാണ് മലപ്പുറം പാലപ്പെട്ടി സ്വദേശിയായ സലാം ബാപ്പു.

ഒരു നന്മ ലക്ഷ്യമാക്കി പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച് നൃത്തം ചെയ്തപ്പോള്‍ ഇസ്‌ലാം ഒലിച്ച് പോയോയെന്ന് സലാം ബാപ്പു ചോദിക്കുന്നു. ജിമിക്കി കമ്മലിന് പകരം മാപ്പിളപ്പാട്ടായിരുന്നെങ്കില്‍ ഇത്തരക്കാര്‍ ലൈക്കും ഷെയറും നല്‍കി പ്രോത്സാഹിപ്പിച്ചേനെയെന്നും അദ്ദേഹം പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ നാടായ മലപ്പുറം ജില്ലയിലെ പാലപ്പെട്ടിയില്‍ നടന്ന ഒരു സംഭവം പറയാം. കാലങ്ങളായി നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ എഴുന്നള്ളിപ്പ് നടക്കാറുള്ളത് മുസ്ലിം പള്ളിയുടെ മുന്നിലൂടെയായിരുന്നു. കാരണം പള്ളി നില്‍ക്കുന്നത് പൊതു റോഡിന്റെ അരികിലാണു. ക്ഷേത്ര എഴുന്നള്ളിപ്പ് പോകുന്നത് റോഡിലൂടെയും. പെട്ടെന്ന് കുറച്ച് ദീനീ സംരക്ഷകര്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ ആ ക്ഷേത്ര എഴുന്നള്ളിപ്പ് തടയും എന്ന്. പള്ളിയില്‍ നിസ്‌ക്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കുമെന്ന്. അവര്‍ക്ക് നിസ്‌ക്കാരമില്ല. അവരുടെ പണി നിസ്‌ക്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കലാണത്രെ. അങ്ങനെ ഒരു ബദര്‍ യുദ്ധം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ മഹല്ലിലെ പക്വമതികള്‍ തിരുത്തി. റോഡ് പൊതുവഴിയാണു. ആര്‍ക്കും പോവാം എന്ന് പറഞ്ഞു. ഒരു വലിയ സംഘര്‍ഷം ഒഴിവാക്കി. ഇത്തരം പക്വമതികളും ഇസ്ലാമിക ജ്ഞാനികളും ശക്തമായി മുന്നോട്ട് വരേണ്ട സാഹചര്യമാണിപ്പോള്‍.
പറഞ്ഞ് വന്നത് സോഷ്യല്‍ മീഡിയയിലെ ദീനീ പ്രബോധകരെ കൊണ്ട് ഇസ്ലാമും മുസ്ലിംകളും ആകെ നാറിത്തുടങ്ങിയതിനാലാണു. ഖുര്‍ആന്‍ വചനത്തിനു പകരം പച്ചത്തെറികളാണു പ്രബോധനത്തിനു ഉപയോഗിക്കുന്നത്. മലപ്പുറത്ത് എയിഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കാഫ് ധരിച്ച് നൃത്തം ചെയ്ത്താണു പുതിയ സംഭവം. ഈ പെണ്‍കുട്ടികളേയും കുടുംബത്തേയും അങ്ങേയറ്റം അവഹേളിച്ച് കഴിഞ്ഞു. ഇപ്പോള്‍ അത് പരിധി വിട്ട് ആര്‍ക്കെതിരേയും എന്ന മട്ടിലായി. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കുന്നവരെ പോലെയാണു സോഷ്യല്‍ മീഡിയയിലെ പ്രകടനം.

ഒരു നന്മ ലക്ഷ്യമാക്കി ആ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച് നൃത്തം ചെയ്തപ്പോള്‍ ഇസ്ലാം ഒലിച്ച് പോയോ? ആ പാട്ട് ജിമിക്കിക്കമ്മലിനു പകരം മാപ്പിളപ്പാട്ടായിരുന്നെങ്കില്‍ ഇത്തരക്കാര്‍ ലൈക്കും ഷെയറും നല്‍കി പ്രോല്‍സാഹിപ്പിച്ചേനേ..!? സഹിഷ്ണുതയാണു ഇസ്ലാം. വ്യക്തി സ്വാതന്ത്യം അംഗീകരിച്ച മതം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നാണു പ്രവാചകന്‍ പറഞ്ഞത്. ആണുങ്ങള്‍ക്ക് എന്തുമാവാം, എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ഒന്നും പാടില്ല എന്ന നയം ജാഹിലിയാ കാലഘട്ടം ഓര്‍മിപ്പിക്കുന്നു. സ്ത്രീക്ക് ഇസ്ലാം നല്‍കിയ സ്വാതന്ത്ര്യം ഇതാണോ? ശരി തെറ്റുള്‍ തീരുമാനിച്ച് സ്വര്‍ഗ്ഗവും നരകവും നല്‍കാന്‍ ഈ സോഷ്യല്‍ മീഡിയ പ്രബോധകരെ ആരാണു ഏല്‍പ്പിച്ചത്. ഇവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് എന്താണുറപ്പ് ? അല്ലാഹുവിനും മുകളില്‍ സൂപ്പര്‍ പവറായി ഇവരെ ആരാണു നിയോഗിച്ചത്. പെണ്‍കുട്ടികള്‍ ‘ആടും പാടും സംസാരിക്കും’ അത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണു. പൊതു ഇടങ്ങള്‍ പുരുഷന് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനീ സ്‌നേഹം ഒരു രോഗമാണു. വ്രണം ബാധിച്ച ഹൃദയമാണത്. കഴിഞ്ഞ ദിവസങ്ങളിലായി സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചാണല്ലോ നാം സംസാരിച്ചത് നൃത്തമാടിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും നാം മാനിക്കണം, ബഹുമാനിക്കണം, അവര്‍ക്ക് ഒരു മനസ്സുണ്ടെന്നും സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കണം….

ട്രംപും മോഡിയും ഇസ്രായേലും ഐ എസ് ഐ എസും ഇസ്ലാമിനെതിരില്‍ തിരിയുമ്പോള്‍ ഇത്തരക്കാരെ കാണില്ല. ഇവര്‍ക്ക് വളം നല്‍കുന്ന ചില വയളു മൗലവിമാ(പ്രസംഗ മൗലവിമാര്‍)രുടെ വിഷയം എന്നും സ്ത്രീകള്‍ മാത്രമാണു. സ്ത്രീകളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി പ്രസംഗിച്ച് നടക്കുകയാണു. ലോകത്ത് നടക്കുന്ന മറ്റൊന്നും അവര്‍ കാണില്ല. ഇസ്ലാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റി പുരുഷ പൗരോഹിത്യ മേധാവിത്വം നില നിര്‍ത്തലാണു പലരുടേയും ലക്ഷ്യം. നായക്ക് വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗ്ഗത്തിലാണു എന്ന് പറഞ്ഞ ഇസ്ലാമിന്റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക് തളച്ചിടുന്ന ഇത്തരക്കാരാണു ഇസ്ലാമിന്റെ ശാപം. അല്ലാതെ നൃത്തം ചെയ്ത ആ പെണ്‍കുട്ടികളല്ല.

ഇനി ഇതിനടിയില്‍ വന്ന് തെറി വിളിക്കുന്നവരോട്, എന്നെ നരകത്തിലേക്ക് പറഞ്ഞയക്കുന്നവരോട്, നിങ്ങളെപ്പോലെയുള്ളവര്‍ നിറഞ്ഞ് നില്‍ക്കുന്ന ആ സ്വര്‍ഗ്ഗത്തിലേക്ക് വരാന്‍ താല്‍പര്യമില്ല. എന്തായാലും അത് പടച്ചോന്റെ സ്വര്‍ഗ്ഗമായിരിക്കില്ല. അതുറപ്പാണു. ഇസ്ലാം എന്നാല്‍ നല്ല മനുഷ്യനാവുക എന്നത് കൂടിയാണു. നന്നായി ജീവിക്കലും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കലും കൂടിയാണു, അസഹിഷ്ണുതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് സഹിഷ്ണ്തയും ക്ഷമയുമുള്ള നല്ല മനുഷ്യരാവുക, പടച്ചവന്‍ നിങ്ങളെ രക്ഷിക്കട്ടെ…

Sharing is caring!