മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ ഓഫീസ് തുടരാനാണ് ബന്ധപ്പെട്ടവരെ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അതേ സമയം മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് ലയിപ്പിച്ചാലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ജില്ലയില്‍ തന്നെ തുടരാനായിരുന്നു തിരുമാനം. രാജ്യത്തെ 31ാമത്തെ പാസ്‌പോര്‍ട്ട് ഓഫീസായ മലപ്പുറത്തേ കേന്ദ്രം 2006 ആഗസ്ത് 26നാണ് സ്ഥാപിതമാകുന്നത്. പാസ്‌പോര്‍ട്ട് ഓഫീസിന്റെ സേവനങ്ങള്‍ ജില്ലയില്‍ അവസാനിപ്പിച്ചതിന്റെ ഭാഗമായി മലപ്പുറത്തു നിന്നും ജീവനക്കാരെ മറ്റിടങ്ങളിലേക്ക് നിയമിക്കുകയും ഔദ്യോഗിക വസ്തുക്കളും മറ്റും കോഴിക്കോട് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേന്ദസര്‍ക്കാറിന്റെ ഈ തീരുമാനം കാരണം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ഥികളും ദുരിതത്തിന്റെ വക്കിലായി. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്. ഓഫീസ് അടച്ചുപൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകള്‍ മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. പാസ്‌പോര്‍ട്ട് ഓഫീസ് ജില്ലയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന വാര്‍ത്ത വന്നതോടെ സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനമാവുകയായിരുന്നു.അതേ സമയം ഇത് ചില ഓഫീസ് ആവശ്യങ്ങള്‍ പൂര്‍ത്തീയാക്കുന്നതിന്റെ ഭാഗമായി മാത്രമാണെന്നും ഒരു മാസത്തിനകം വീണ്ടും പൂട്ടുമെന്നും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുമുണ്ട്.

Sharing is caring!