‘വിഖായ’ അംഗങ്ങൾക്ക്‌ പാണക്കാട്‌ കുടുംബത്തിന്റെ സ്നേഹാദരം

‘വിഖായ’ അംഗങ്ങൾക്ക്‌ പാണക്കാട്‌ കുടുംബത്തിന്റെ സ്നേഹാദരം

മലപ്പുറം: എസ്‌ കെ എസ്‌ എസ്‌ എഫ്‌ സന്നദ്ധ- സേവന പ്രവർത്തക വിഭാഗമായ ‘വിഖായ’ അംഗങ്ങൾക്ക്‌ പാണക്കാട്‌ കുടുംബത്തിന്റെ സ്നേഹാദരം. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ മകൻ അസീൽ അലി ശിഹാബ്‌ തങ്ങളുടെ വിവാഹത്തോടനുബന്ധിച്ച്‌ സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട വിഖായ പ്രവർത്തകരെയാണ് പ്രത്യേക ചടങ്ങിലൂടെ ആദരിച്ചത്‌.

വിഖായ പ്രവർത്തകരുടെ സമർപ്പണവും ത്യാഗ സന്നദ്ധതയും നേരിട്ട്‌ ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു ചടങ്ങ്‌ സംഘടിപ്പിച്ചതെന്ന് സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. തന്നിലേക്ക്‌ മാത്രമായി ഒതുങ്ങാനുള്ള വ്യഗ്രതയിലാണ് ഇന്ന് മനുഷ്യൻ. ഓൺലൈൻ ബന്ധം മാത്രമായി മനുഷ്യബന്ധങ്ങൾ മാറുകയാണ്.സേവന സന്നദ്ധതയോടെ രംഗത്തിറങ്ങാനുള്ള ഒരു മാനസികാവസ്ഥ പ്രവർത്തകരിൽ സൃഷ്ടിച്ചെടുത്തു എന്നതാണ് വിഖായയുടെ വിജയഗാഥക്ക്‌ പിറകിലുള്ളത്.തങ്ങൾ പറഞ്ഞു.

വിവിധ ജോലികളിലേർപ്പെട്ടു വരുന്നവർ അവരവരുടെ മറ്റ് പ്രവർത്തികളും തെരക്കുകളുമെല്ലാം മാറ്റി വെച്ച്‌ അവശ്യ സമയങ്ങളിൽ ജാഗ്രതയോടെ സേവന നിരതരാവുന്നു എന്നത്‌ വിഖായയുടെ പ്രവർത്തനങ്ങളെ മാതൃകാപരമാക്കുന്നുവെന്ന് ചടങ്ങിന് ആശംസകൾ നേർന്ന പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.സമർപ്പിത സേവനമാണ് വിഖായയുടെ മുഖമുദ്ര. തന്റെ ജീവിതം മറ്റുള്ളവർക്ക് കൂടി പകുത്തു നൽകലാണ് സേവന പ്രവർത്തകർ ചെയ്യുന്നത്‌. അദ്ദേഹം പറഞ്ഞു.

പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ എന്നിവർ പ്രസംഗിച്ചു. എൻ ഉബൈദ്‌ മാസ്റ്റർ സ്വാഗതവും എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജന. സെക്രട്ടറി സത്താർ പന്തല്ലൂർ നന്ദിയും പറഞ്ഞു

Sharing is caring!