സുന്നികള്‍ക്കിടയിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം അണികള്‍ക്കിടയില്‍ നിന്നുമുണ്ടെന്ന് കാന്തപുരത്തിന്റെ മകന്‍

സുന്നികള്‍ക്കിടയിലെ ഐക്യം അട്ടിമറിക്കാനുള്ള നീക്കം അണികള്‍ക്കിടയില്‍ നിന്നുമുണ്ടെന്ന് കാന്തപുരത്തിന്റെ മകന്‍

കോഴിക്കോട്: ലീഗ് – മാര്‍കിസിസ്റ്റ് സംഘര്‍ഷത്തെ സുന്നികള്‍ക്കിടയിലെ വിഭാഗീയതയാക്കുന്നത് ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും മര്‍കസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി. ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ അക്രമം ന്യായീകരിക്കാനാവില്ലെന്നും നബിദിനാഘോഷങ്ങളുടെ പവിത്രതയെ വെല്ലുവിളിക്കുകയാണത് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഉണ്ണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ അക്രമണത്തെ ഒരു നിലക്കും ന്യായീകരിക്കാന്‍ വയ്യ. അത്യധികം ധന്യമായ ഒരാഘോഷ വേളയെ രക്തപങ്കിലമാക്കുകയും നബിദിനാഘോഷങ്ങളുടെ പവിത്രതയെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് ആ സംഭവം.
അക്രമത്തിന് പിന്നിലുള്ളവരാരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരപ്പെടണം.

പ്രസ്തുത സംഭവം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനുള്ള വ്യഗ്രത അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ്.
ഈ പ്രദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ വൈര്യമാണ് അന്ന് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നിരിക്കെ
സുന്നി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണിതെന്ന് വരുത്തിത്തീര്‍ക്കാനുണ്ടായ താത്പര്യവും അതുവഴി സുന്നികള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കാനും ഒപ്പം നബിദിനാഘോഷങ്ങളെ അപഹസിക്കാനുമുണ്ടായ തിടുക്കവും ആര്‍ക്കൊക്കെയായിരുന്നു എന്ന് നാം വിലയിരുത്തന്നത് നന്നാകും.

മതസംഘടനകളെ കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചും അവരവര്‍ക്ക് വേണ്ട മുതലെടുപ്പുകള്‍ നടത്തുകയും താത്പര്യങ്ങള്‍ സംരക്ഷിച്ചു പോരുകയും ചെയ്ത രാഷ്ട്രീയമാണ് സമുദായത്തിനുള്ളത്. എന്നാല്‍ ഇന്ത്യ പോലെ ഒരു മതനിരപേക്ഷ രാജ്യത്ത് മതവും രാഷ്ട്രീയവും വിവേകത്തോടെ വേര്‍തിരിച്ച് പരിചരിക്കപ്പെടുകയും എന്നാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ പക്വതയോടെ മാത്രം ഇടപെടേണ്ടതുമാണെന്നുള്ള വസ്തുത നാം മറന്നു കൂടാ.

ലീഗ് – മാര്‍ക്‌സിസ്റ്റ് സംഘര്‍ഷത്തെ സുന്നികള്‍ക്കിടയിലെ സംഘടനാ വിഭാഗീയതകളോട് ചേര്‍ക്കുന്നത് അങ്ങേയറ്റം ഖേദകരം തന്നെയാണ്. സുന്നികള്‍ ഭിന്നിച്ചു നിന്നിട്ടെന്തുണ്ടായി എന്ന് ചോദിച്ചാല്‍ അസാമാന്യ വളര്‍ച്ചയുണ്ടായി എന്നതായിരിക്കും ഒരുപക്ഷെ ഉത്തരം. സ്ഥാപനങ്ങളുടെയും സംഘടനാ വ്യാപ്തിയുടെയും അവയുടെ ജാഗരണ പ്രവര്‍ത്തനങ്ങളുടെയും കണക്കുകള്‍ അത് ശരിവെക്കുന്നുമുണ്ടാകും. എന്നാല്‍ ജനമനസ്സുകള്‍ അകന്നു പോകുന്നത് കാണാതിരിക്കുന്നതെങ്ങനെ? അതുകൊണ്ടാണ് സുന്നികള്‍ ഐക്യത്തിന് വേണ്ടി ഇത്രമേല്‍ ദാഹിക്കുന്നത്. നേതാക്കന്മാര്‍ അതിനു വേണ്ടി നന്നായി ശ്രമിക്കുന്നുണ്ട് താനും. എന്നാല്‍ അതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ചില അണികള്‍ക്കുള്ളില്‍ തന്നെയുണ്ട്.

പക്ഷെ, അവരെ നയിക്കുന്നത് സുന്നി സംഘടനകളുടെ ആദര്‍ശമാകില്ല. സുന്നികള്‍ ഭിന്നിച്ചു നില്‍ക്കണമെന്നാഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ ബുദ്ധിയായിരിക്കും. ഇത് നാം തിരിച്ചറിഞ്ഞേ മതിയാകൂ. നിര്‍മ്മാണാത്മകമായ ഒട്ടനവധി ശ്രമങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അവ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. നമ്മുടെ മനസ്സുകള്‍ക്കിടയില്‍ ആരും മതിലുകള്‍ പണിയരുത്.

Sharing is caring!