കൗമാര മാമാങ്കം തേഞ്ഞിപ്പലത്ത് തുടങ്ങി

കൗമാര മാമാങ്കം  തേഞ്ഞിപ്പലത്ത് തുടങ്ങി

തേഞ്ഞിപ്പലം: മലബാറിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാലിക്കട്ട് സര്‍വകലാശാലയുടെ അക്ഷരമുറ്റത്ത് കലാകൗമാര കേളികെട്ടുണര്‍ന്നു. മുപ്പതാമത് ജില്ലാ റവന്യൂ കലോത്സവത്തിനാണ് കാലിക്കട്ട് സര്‍വ്വകലാശാല ക്യാമ്പസിന് സമീപം തേഞ്ഞിപ്പലത്ത് കൊടിയേറിയത്. കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണ് മുഖ്യവേദി.

ഇതേ സ്‌കൂള്‍ അങ്കണത്തില്‍ തന്നെ രണ്ടാം വേദിയും ഒരുക്കിയിട്ടുണ്ട്. തേഞ്ഞിപ്പലം ഗവ.എല്‍പിഎസ്, കോഹിനൂര്‍ ഗ്രൗണ്ട്, കോഹിനൂര്‍ സെന്റ് പോള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോഹിനൂര്‍ ക്ഷേത്രത്തിന് മുന്‍വശം, ക്യാമ്പസ് സ്‌കൂള്‍ കാന്റീന്‍ പരിസരം, മെസ് ഹാള്‍, സര്‍വകലാശാല ഇഎംഎസ് ചെയര്‍ പരിസരം, സര്‍വകലാശാല ക്യാമ്പസിലെ ആര്‍ട്ടേഴ്ഷ്യ നഴ്സറി എന്നിവിടങ്ങളിലായി 16 വേദികളിലായാണ് അഞ്ചു ദിവസത്തെ ജില്ലാ കലോത്സവം അരങ്ങേറുന്നത്.

ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 3820 ആണ്‍കുട്ടികളും 5817 പെണ്‍കുട്ടികളും അടക്കം 9637 കലാപ്രതിഭകള്‍ ഇനിയുള്ള നാലു രാപ്പകലുകളിലായി കലയുടെ കലാവിരുന്നൊരുക്കും. കലാമേളയില്‍ 232 വ്യക്തിഗത ഇനങ്ങളും 69 ഗ്രൂപ്പ് ഇനങ്ങളുമുണ്ടാകും. മത്സരഫലങ്ങള്‍ സമയബന്ധിതമായി ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ കുറ്റമറ്റതും സുതാര്യവുമാക്കാന്‍ പരിചയ സമ്പന്നരായ വിധികര്‍ത്താക്കളുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു. ഇതിന് പുറമെ മത്സരഫലങ്ങള്‍ വേഗത്തില്‍ അറിയിക്കുന്നതിന് കലോത്സവത്തോടനുബന്ധിച്ച് വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജീകരിച്ചിട്ടുണ്ട്. കലോത്സവ നഗരി തേഞ്ഞിപ്പലം ദേശീയപാതയ്ക്ക് അരികിലായത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര സൗകര്യമാണ്.

Sharing is caring!