സംവരണ അട്ടിമറിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

സംവരണ അട്ടിമറിക്കെതിരെ   നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന  സെക്രട്ടറിയേറ്റ്  യോഗം

മലപ്പുറം : സംവരണ തത്വം കാറ്റില്‍ പറത്തി സംവരണ വിരുദ്ധ ലോബിയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങളുടെ ഭരണഘടനദത്തമായ അവകാശം അട്ടിമറിക്കാനുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സംവരണ വിരുദ്ധ നിലപാടുകളില്‍ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ സമാന നിലപാടുകള്‍ സ്വീകരിക്കുന്നത് ആസൂത്രിതമാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സ്വാതന്ത്രൃത്തിന്റെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും പിന്നോക്കാവസ്ഥയിലാണെന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പരിമിതമായ അവസരങ്ങളെ പോലും ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നിലപാട്. പ്രതൃക്ഷ പ്രക്ഷോഭ പരിപാടികള്‍ക്കൊപ്പം നിയമപരമായ പോരാട്ടങ്ങള്‍ക്കും മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുക്കാത്തത് വഴി കേരളത്തില്‍ ജീവഹാനിയും സാമ്പത്തിക നഷ്ടവും സൃഷ്ടിച്ച ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തികഞ്ഞ നിരുത്തരവാദിത്വമാണ്. തീരദേശ ജനതയുടെ ആശങ്കള്‍ അകറ്റുന്നതിനും അടിയന്തിര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ മുന്നോട്ട് വരണം.

കായല്‍ഭൂമി കയ്യേറിയതിന്റെ പേരില്‍ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്ന് നിര്‍ബന്ധഘട്ടത്തില്‍ രാജിവെച്ചുവെങ്കിലും ജില്ലാ ഭരണകൂടം വ്യക്തമായ അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കേണ്ടതുണ്ട്. മന്ത്രിയുടെ രാജിയുടെ മറവില്‍ ഭൂമി തിരിച്ച് പിടിക്കുന്നതില്‍ ഗവണ്‍മെന്റ് അപാകത വരുത്തിയാല്‍ യൂത്ത് ലീഗ് വീണ്ടും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. കക്കാടംപൊയില്‍ വനപ്രദേശത്ത് പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ട് വരണം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമുതല്‍ കൊള്ളയടിക്കാന്‍ മന്ത്രിമാരും എം.എല്‍.എമാരും മത്സരിക്കുന്നതില്‍ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

Sharing is caring!