നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം

നബിദിന റാലിക്ക്  അമ്പലമുറ്റത്ത് സ്വീകരണം

പൊന്നാനി: മതസൗഹാര്‍ദ്ദ വിളംബരമായി നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം നല്‍കി. പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലാണ് നബിദിന റാലിക്ക് സ്വീകരണമൊരുക്കിയത്.

മതത്തിന്റെ പേരില്‍ പരസ്പരം കലഹിക്കുന്ന കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ തെളിനീരൊഴുക്കിയാണ് നബിദിന റാലിക്ക് അയ്യപ്പഭക്തരും, ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്.പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസ്സയുടെ കീഴില്‍ നടന്ന നബിദിന റാലിയെ മധുരം നല്‍കിയും, ശീതള പാനീയങ്ങള്‍ വിതരണം ചെയ്തുമാണ് അയ്യപ്പഭക്തര്‍ വരവേറ്റത്.

ഉത്സവ് പുഴമ്പ്രത്തിന്റെ നേതൃത്വത്തില്‍ നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്ര മുറ്റത്ത് വെച്ച് മതസൗഹാര്‍ദ്ദ സദസ്സ് നടത്തി. സമാധാനവും, പരസ്പര സ്‌നേഹവുമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നതെന്ന് സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. അണ്ടിത്തോട് അമ്പലക്കമ്മറ്റിയും, പുഴമ്പ്രംഅയ്യപ്പ സേവാ സംഘവും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും അമ്പലക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണം നല്‍കിയിരുന്നു.

Sharing is caring!