പരപ്പനങ്ങാടിയിലെ 3മത്സ്യതൊഴിലാളികളെ കാണാതായി

പരപ്പനങ്ങാടിയിലെ  3മത്സ്യതൊഴിലാളികളെ  കാണാതായി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നിന്നും കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയ കുഞ്ഞുകമ്മാലിന്റെ അബ്ദുള്ള യുടെ ഉടമസ്ഥതയിലുള്ള യു. കെ. സണ്‍സ് ഒഴുക്കല്‍ വള്ളമാണ് കാണാതായത് . താനൂര്‍, ചാലിയം എന്നിവടങ്ങളിലെ രണ്ടു മലയാളികളും ഒരു തമിഴ് നാട് സ്വദേശിയടക്കം മൂന്നു പേരാണ് വള്ളത്തിലുള്ളത്.

അതേ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പൊന്നാനി താലൂക്കിലെ തീരത്ത് കടലാക്രമണമുണ്ടായിരുന്നു. ഉച്ചയോടെ കടല്‍ ശാന്തമായെങ്കിലും, താനൂരിലും, പരപ്പനങ്ങാടിയിലും കടല്‍ ഉള്‍വലിഞ്ഞെന്ന വാര്‍ത്ത വന്നതോടെ പൊന്നാനിയിലും ജനങ്ങള്‍ ഭീതിയിലായി.ഇതിനിടെയാണ് രാത്രിയില്‍ പത്ത് മണിയോടെ കടല്‍ സംഹാര താണ്ഡവമാടിയത്. പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള തീരമേഖലയില്‍ രാത്രിയില്‍ കടല്‍ തിരമാലകള്‍ ഇരച്ചെത്തിയതോടെ കടലോരവാസികള്‍ ഭീതിയിലായി.

നൂറു കണക്കിന് വീടുകളിലേക്ക് കടല്‍വെള്ളം ശക്തിയായി അടിച്ചു കയറിയത്. ശക്തമായ തിരമാലയില്‍ തീരദേശ റോഡുള്‍പ്പെടെ വെള്ളത്തിനടിയിലായി. പൊന്നാനി അഴീക്കല്‍,മരക്കടവ്, മുറിഞ്ഞഴി, ഭാഗങ്ങളിലാണ് കനത്ത നാശമുണ്ടായത്.ഇതോടെ ജാഗ്രത നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പും, നഗരസഭയും, കോസ്റ്റല്‍ പൊലീസും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം തന്നെ ഫിഷറീസ് വകുപ്പിന് കീഴില്‍ മാറ്റി പാര്‍പ്പിക്കാനുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷെല്‍ട്ടറിലേക്ക് ദുരിതബാധിതരെ മാറ്റാനുള്ള നീക്കവും നടത്തി.എന്നാല്‍ ഒട്ടുമിക്ക കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് മാറി താമസിച്ചത്.

പൊന്നാനി അഴീക്കലില്‍ കടല്‍ വെള്ളം കെട്ടി നിന്നത് ഒഴിവാക്കാന്‍ അടിയന്തരമായി ജെ.സി.ബി.യും എത്തി. നാട്ടുകാരുടെയും, കോസ്റ്റല്‍ പൊലീസിന്റെയും, നഗരസഭയുടെയും ജാഗ്രത പൂര്‍വ്വമുള്ള ഇടപെടല്‍ മൂലം അപായങ്ങളൊന്നുമില്ലാതെ കടലോരവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.ഇതിനിടെ പൊന്നാനി ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലും, തീരദേശ റോഡും കടലെടുത്തു. പൊന്നാനി നഗരസഭാ ചെയര്‍മാന്റെയും, കൗണ്‍സിലര്‍മാരുടെയും ഇടപെടല്‍ വലിയ ആശ്വാസമാണ് വീട്ടുകാര്‍ക്ക് നല്‍കിയത്.പുലര്‍ച്ചെരണ്ടു മണിയോടെയാണ് കടലാക്രമണത്തിന് നേരിയ തോതില്‍ ശമനമുണ്ടായത്. കടലിന്റെ കലി അടങ്ങിയതോടെയാണ് തീരവാസികള്‍ക്ക് താല്ക്കാലിക ആശ്വാസമായത്.

Sharing is caring!