പൊന്നാനിയില്‍ ബി.ജെ.പി-സി.പി.എം. സംഘര്‍ഷം

പൊന്നാനിയില്‍  ബി.ജെ.പി-സി.പി.എം. സംഘര്‍ഷം

പൊന്നാനി : പൊന്നാനിയില്‍ ബി.ജെ.പി. സി.പി.എം.സംഘര്‍ഷം; അക്രമത്തില്‍ 9 പേര്‍ക്ക് പരിക്ക്. പുഴമ്പ്രം അണ്ടിത്തോട് വെച്ച് യുവാക്കളെ മര്‍ദ്ധിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പുഴമ്പ്രത്ത് കെട്ടിട നിര്‍മ്മാണ ജോലിക്കിടെ ഭക്ഷണം കഴിക്കാനായി പോവുകയായിരുന്ന സി.പി.എം. അനുഭാവികളായ യുവാക്കളെയാണ് 15 പേരടങ്ങുന്ന സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. അക്രമത്തില്‍ പൊന്നാനി ആനപ്പടി സ്വദേശി പുതുവീട്ടില്‍ അനീഷ്, ആനപ്പടി സ്വദേശി ഷഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആര്‍.എസ്.എസുകാരാണ് മര്‍ദ്ദിച്ചതെന്ന് അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. നേരത്തെ കൊല്ലന്‍ പടിയില്‍ സി.പി.എംആര്‍.എസ്.എസ് അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു. വൈകീട്ട് ചമ്രവട്ടം ജംഗ്ഷനില്‍ നടന്ന ആക്രമത്തില്‍ ആര്‍.എസ്.എസ് നഗര്‍ കാര്യവാഹ് ഷിജി മോഹന് പരിക്കേറ്റു. വേദാംപള്ളിക്ക് സമീപംവെച്ച് നാല് ബൈക്കുകളിലെത്തിയ എട്ടോളംപേരാണ് ആര്‍.എസ്.എസ് നഗര്‍ കാര്യവാഹിന് ആക്രമിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഷിജിമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴ് മണിയോടെ തേവര്‍ ക്ഷേത്രത്തിന് സമീപമുള്ള സി.പി.എം ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് സംഘം ചേര്‍ന്ന് ആക്രമിച്ച് അടിച്ചുതകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരും ബ്രാഞ്ച് സെക്രട്ടറിമാരുമായ നാജിദ്, ഷാനവാസ്, ജിബിന്‍ എന്നിവര്‍ക്കും സ്വരാജ്, വൈശാഖ്, ഹാരിസ് തുടങ്ങിയവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുപാര്‍ട്ടികളിലും പെട്ടവര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി.

Sharing is caring!