മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി നബിദിന സ്‌നേഹറാലി

മലപ്പുറത്തെ  ഹര്‍ഷപുളകിതമാക്കി  നബിദിന സ്‌നേഹറാലി

മലപ്പുറം: 1492ാം നബിദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി തിരുനബിയുടെ കാരുണ്യ സന്ദേശങ്ങളും പ്രകീര്‍ത്തനങ്ങളും വിളിച്ചോതി.
എം.എസ്.പി പരിസരത്തു നിന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം പതിനായിരത്തിലധികംപേര്‍ അണിനിരന്നു. ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ നിരര്‍ത്ഥകത, ഭീകരതക്ക് പ്രവാചക വചനങ്ങള്‍ മറയാക്കുന്നതിലെ പൊള്ളത്തരം എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. 16 മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു.
സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലന്റ്, അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സൈതവി ചെങ്ങര, മുസ്തഫ കോഡൂര്‍, സി.കെ.യു മോങ്ങം, അബ്ദുഹാജി വേങ്ങര, ദുല്‍ഫുഖാറലി സഖാഫി നേതൃത്വം നല്‍കി.
അബ്ബാസ് സഖാഫി കോഡൂര്‍, ഹുസൈന്‍ അദനി പട്ടിക്കാട് പ്രസംഗിച്ചു. വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ്ജ് വിദ്യാര്‍ത്ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി, ഇന്ന് പുലര്‍ച്ചെ 4ന് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

അടിക്കുറിപ്പ്: മുഹമ്മദ് നബിയുടെ 1492ാം നബിദിനാഘോഷത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന നബിദിനസ്‌നേഹ റാലി

Sharing is caring!