കരിപ്പൂരില്‍ നാലുകോടി മുടക്കി റണ്‍വേ സേഫ്റ്റി നിര്‍മാണം

കരിപ്പൂരില്‍  നാലുകോടി മുടക്കി റണ്‍വേ സേഫ്റ്റി നിര്‍മാണം

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) നിര്‍മാണം ജനുവരി 15ന് ആരംഭിക്കും. നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള ഡി.ജി.സി.എയുടെ അനുമതി കത്ത് ലഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. നാലു കോടി മുടക്കിയുള്ള പ്രവൃത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കും.

റണ്‍വേയിലെ ലൈറ്റിങ് ക്രമീകരണങ്ങള്‍ മാറ്റിയാണ് റിസ ഏരിയ വര്‍ധിപ്പിക്കുന്നത്. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുള്ള അപകടമൊഴിവാക്കാനുള്ള ചതുപ്പു പോലുള്ള പ്രദേശമാണ് റിസ. പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നേരത്തെ ക്ഷണിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം തുറക്കും. ഡിസംബറോടെ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജനുവരി 15ന് നിര്‍മാണം ആരംഭിക്കും.

90 മീറ്റര്‍ നീളമുള്ള നിലവിലെ റിസ റണ്‍വേ കൂടി ഉള്‍പ്പെടുത്തി 240 മീറ്ററാക്കാനാണ് തീരുമാനം. റിസയുടെ പുനര്‍നിര്‍മാണം കഴിയുന്നതോടെ നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററായി കുറയും. ബോയിങ് 777-200 വിമാനങ്ങള്‍ സര്‍വിസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരില്‍ റിസ നീളം കൂട്ടുന്നത്.

റണ്‍വേയുടെ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2015 മുതല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസ് നിര്‍ത്തിവച്ചത്. 2850 മീറ്ററുള്ള റണ്‍വേ ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട് കോഡ്-ഡി വിമാനങ്ങളുടെ പ്രവര്‍ത്തനത്തിനായി രൂപകല്‍പ്പന ചെയ്തതാണെന്നും രണ്ട് അറ്റത്തും മതിയായ റിസയില്ലെന്നും ഡി.ജി.സി.എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് റിസ നീളം കൂട്ടാന്‍ വിമാനത്താവള അതോറിറ്റി പദ്ധതി തയാറാക്കി സമര്‍പ്പിച്ചത്. നിലവില്‍ റണ്‍വേയുടെ അറ്റം കാണുന്നതിന് സ്ഥാപിച്ച ലൈറ്റിങ് സംവിധാനം മുന്നിലേക്ക് സ്ഥാപിച്ച് 90 മീറ്ററിലുള്ള റിസ റണ്‍വേ ഉള്‍പ്പെടുത്തി 240 ആക്കുകയാണ് ചെയ്യുക.

Sharing is caring!