മലപ്പുറത്ത് സി.പി.എം-സി.പി.ഐ പോര്

മലപ്പുറത്ത് സി.പി.എം-സി.പി.ഐ പോര്

അരീക്കോട്: വനം വകുപ്പില്‍ ജോലി ലഭിച്ച ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയില്‍ നിന്നും കോഴ ആവശ്യപ്പെട്ട സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ടി. മൊയ്തീന്‍ കുട്ടിയെ ജില്ല സെക്രട്ടറി പി.പി. സുനീര്‍ സംരക്ഷിക്കുകയാണെന്ന് സി.പി.എം വെറ്റിലപ്പാറ ലോക്കല്‍ കമ്മിറ്റിയംഗം ടി.പി. അന്‍വര്‍, ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റിയംഗം എം.മണികണ്ഠന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സുഭാഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോഴ ആരോപണങ്ങള്‍ക്ക് പിന്നില്‍ ടി.പി. അന്‍വറാണെന്ന സി.പി.ഐ ജില്ല സെക്രട്ടറി പി.പി സുനീറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയാക്കി ഉയര്‍ത്തിയ നടപടി ജില്ല സെക്രട്ടറിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു. ജില്ല സെക്രട്ടറിയുടെ വാര്‍ത്ത സമ്മേളനം സി.പി.ഐയുടെ സ്വന്തം മുഖപത്രത്തില്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുന്നത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച വരാതിരിക്കാനാണ്. പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ അറിയാതെ അഴിമതി കൈകാര്യം ചെയ്യുകയാണുണ്ടായത്.
പണം ചോദിച്ചെന്ന് നേരത്തെ പറഞ്ഞിരുന്ന മൂസക്കുട്ടി ഇപ്പോള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു എന്ന് പറയുന്നത് സി.പി.ഐ ലോക്കല്‍ നേതാക്കളുടെ ഭീഷണി മൂലമാണ്. മൂസക്കുട്ടിക്ക് ലഭിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒപ്പോട് കൂടിയ ഒരു ലക്ഷം രൂപയുടെ പ്രവര്‍ത്തന ഫണ്ട് കൂപ്പണ്‍ വ്യാജമാണെന്ന് സി.പി.ഐ തെളിയിച്ചാല്‍ സി.പി.എമ്മില്‍ നിന്നും രാജി വെച്ച് സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. അല്ലാത്ത പക്ഷം സി.പി.ഐ ലോക്കല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്താന്‍ ജില്ല സെക്രട്ടറി തയ്യാറുണ്ടോ എന്നും ടി.പി. അന്‍വര്‍ ചോദിച്ചു. 007680 എന്ന നമ്പറിലുള്ള രസീതിലാണ് ഒരു ലക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വ്യാജമാണെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വാദമെങ്കില്‍ ഇതിന്റെ തൊട്ടടുത്ത നമ്പറിലുള്ള രസീതില്‍ 500 രൂപ എഴുതി കക്കാടംപൊയിലിലെ ഒരു വ്യക്തിക്ക് ലഭിച്ചത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തണം. താന്‍ മരിക്കുമെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും മൂസക്കുട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ടി.പി അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.ഐ ലോക്കല്‍ നേതാക്കളുടെ ശ്രമത്തെ ഏത് വിധേനയും തടയുമെന്നും അനധികൃത പിരിവുകള്‍ അനുവദിക്കില്ലെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിക്ക് വനം വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ജോലി കിട്ടിയതിന് സി.പി.ഐ ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറി പി.ടി. മൊയ്തീന്‍ കുട്ടി മൂസക്കുട്ടിയോട് 1.25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ ഊര്‍ങ്ങാട്ടിരി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ടി.പി.അന്‍വറാണെന്നും സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഊര്‍ങ്ങാട്ടിരിയില്‍ സി.പി.ഐയുടെ വളര്‍ച്ചയില്‍ ഭീതി പൂണ്ടവരാണ് ഇത്തരം ഗൂഡാലോചനകള്‍ നടത്തുന്നതെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യം മനസിലാക്കാതെയാണെന്നും സുനീര്‍ പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം രൂപ പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ട് കൊണ്ട് മൂസക്കുട്ടിക്ക് കിട്ടിയ സംസ്ഥാന പ്രവര്‍ത്തക ഫണ്ട് കൂപ്പണ്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഊര്‍ങ്ങാട്ടിരിയില്‍ വിതരണം ചെയ്ത എല്ലാ കൂപ്പണ്‍ ബുക്കുകളും തിരിച്ചെത്തിക്കാന്‍ ലോക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.പി.സുനീര്‍ പറഞ്ഞു.

Sharing is caring!