മുനവ്വറലി തങ്ങളെ അഭിനന്ദിച്ച് പി ശ്രീരാമകൃഷ്ണന്‍

മുനവ്വറലി തങ്ങളെ അഭിനന്ദിച്ച് പി ശ്രീരാമകൃഷ്ണന്‍

പൊന്നാനി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തഞ്ചാവൂര്‍ സ്വദേശിയുടെ മോചനത്തിനായി ഇടപെട്ട മുനവ്വറലി തങ്ങളെ പ്രശംസിച്ച് സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍. മാലതിക്ക് ഭര്‍ത്താവിനെയും മകള്‍ പൂജക്ക് അച്ചനെയും തിരിച്ച് കിട്ടാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ തുണയാകുന്നുവെന്ന വാര്‍ത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുനവ്വറലി ശിഹാബ് തങ്ങളുടെ ഈ നന്മ ഹൃദയം തുറന്ന് സ്വീകരിക്കുന്നു. ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു. സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വാധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാര്‍ദ്രമായ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

**തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മാലതിക്ക് ഭർത്താവിനെയും മകൾ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാൻ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടൽ തുണയാകുന്നുവെന്ന വർത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 2013 ൽ കുവൈറ്റിൽ വെച്ച് അബദ്ധത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ട പരിഹാരത്തുക 30 ലക്ഷമാണ്. ഇതിൽ 25 ലക്ഷം മുനവ്വറലി മുൻകൈയെടുത്ത് സ്വരൂപിച്ചുനൽകി.
വധിക്കപ്പെട്ട സഹോദരന്റെ കുടുംബത്തിന് പാണക്കാട്ടു വെച്ച് നഷ്ടപരിഹാരത്തുക നൽകി മാപ്പപേക്ഷയിൽ ഒപ്പിട്ടു വാങ്ങി കുവൈത്ത് കോടതിയിൽ സമർപ്പിച്ചു.മാലതിക്കും കൊച്ചുപൂജക്കും നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന കുടുംബനാഥനെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം. . ഇങ്ങിനെയൊരു മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുനവ്വറലി തങ്ങളും ഇതിനോട് സഹകരിച്ച പട്ടർക്കടവൻ കുഞ്ഞാൻ, അദ്ദേഹത്തിന്റെ മകൻ റഹീം , എൻ. എ. ഹാരിസ്‌, മാളയിലെ AMP ഫൗണ്ടേഷൻ, കുവത്തിലെ സ്റ്റെർലിംഗ് ഫൗണ്ടേഷൻ, സാലിം മണി എക്സ്ചേഞ്ച് തുടങ്ങി പേരു പറയാൻ ആഗ്രഹിക്കാത്ത സുമനസ്സുകളും സർവ്വോപരി മരണപ്പെട്ട സഹോദരന്റെ കുടുംബവും എല്ലാ നിലയിലും അഭിനന്ദനമർഹിക്കുന്നു .
മുനവ്വറലി തങ്ങൾക്കും
മാപ്പ് കൊടുക്കാൻ വിശാലമനസ്കത കാണിച്ച മരണപ്പെട്ട സഹോദരന്റെ കുടുംബാംഗങ്ങൾക്കും ഈ പുണ്യ പ്രവൃത്തിയിൽ അകമഴിഞ്ഞു
സഹായിച്ച സുമനസ്സുകൾക്കും നന്ദി.
നന്മയുടെ പ്രകാശ കിരണങ്ങൾ
എവിടെ നിന്നു വന്നാലും അത്യന്തം ആഹ്ലാദകരമാണ്, അഭിമാനകരമാണ്.
മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ
ഹൃദയംതുറന്ന് സ്വീകരിക്കുന്നു…
ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു…
സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാർദ്രമായ പ്രവൃത്തി.
എല്ലാവിഭജനങ്ങൾക്കും വിത്യസ്തതകൾക്കും മേലെ മനസ്സുകളെ ഐക്യപ്പെടുത്തുന്ന മാനവികതയുടെ ധാരകൾ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരിക്കുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.
നമുക്ക് നന്മകളെ ആഘോഷിക്കാം.

Sharing is caring!