മുനവ്വറലി തങ്ങളുടെ ഇടപെടല്‍ ഫലംകണ്ടു, കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതമിഴ്‌നാട് സ്വദേശിക്ക് ഇളവിന് സാധ്യത തെളിഞ്ഞു

മുനവ്വറലി തങ്ങളുടെ ഇടപെടല്‍ ഫലംകണ്ടു, കുവൈത്തില്‍ വധ ശിക്ഷയ്ക്ക്  വിധിക്കപ്പെട്ടതമിഴ്‌നാട് സ്വദേശിക്ക് ഇളവിന് സാധ്യത തെളിഞ്ഞു

മലപ്പുറം: കുവൈത്തില്‍ വധശിക്ഷ കാത്തിരിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ ശിക്ഷാ ഇളവിനായി സ്വരൂപിച്ച 25ലക്ഷം രൂപയുടെ ചെക്ക് നാളെ ( തിങ്കളാഴ്ച) രാവിലെ 10.30 ന് മലപ്പുറം പ്രസ് ക്ലബില്‍ വച്ച് കൈമാറും. ജയിലില്‍ കഴിയുന്ന അര്‍ജുനന്റെ ഭാര്യ മാലതിക്ക്
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ചെക്ക് കൈമാറും. മുനവറലി തങ്ങള്‍ കൈമാറുന്ന 25 ലക്ഷവും കിടപ്പാടവും പണയപ്പെടുത്തിയും മറ്റും മാലതി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ അടക്കം 30 ലക്ഷം കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിനു കൈമാറും.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.

കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജുനനെ രക്ഷിക്കാന്‍ മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഇടപെട്ടതോടെയാണു കാര്യങ്ങള്‍ ഇത്തരത്തിലെത്തിയത്.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ ഇടപെടാമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പു നല്‍കുകയായിരുന്നു. തഞ്ചാവൂര്‍ സ്വദേശി അര്‍ജുന്‍ കുവൈത്ത് ജയിലില്‍ ഇപ്പോള്‍ തൂക്കു കയര്‍ കാത്ത് കഴിയുകയാണ്.

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അര്‍ജുനന്റെ ഭാര്യ മാലതി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മാപ്പു തേടി മലപ്പുറത്തെത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും 13 വയസ്സായ മകള്‍ക്കും വീടു പോലുമില്ലാത്ത സാഹചര്യത്തില്‍ മാപ്പു നല്‍കാന്‍ 30 ലക്ഷം രൂപ ബന്ധുക്കള്‍ ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ചു ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാനായത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുനവ്വറലി ശിഹാബ് തങ്ങള്‍ വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.

Sharing is caring!