ഫേസ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്നവരല്ല മലപ്പുറത്തുകാര്‍; ഷഹബാസ് അമന്റെ കുറിപ്പ് വൈറലാകുന്നു

ഫേസ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്നവരല്ല മലപ്പുറത്തുകാര്‍; ഷഹബാസ് അമന്റെ കുറിപ്പ് വൈറലാകുന്നു

മലപ്പുറം: ഫേസ്ബുക്ക് വിവാദങ്ങളിലൊന്നും തളരുന്ന ജനതയല്ല മലപ്പുറത്തുകാരെന്ന് ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍. തങ്ങളെ പറ്റി ആരൊക്കെ മോശമായി പറഞ്ഞാലും പോയി പണി നാക്കാന്‍ പറയല്‍ മലപ്പുറത്തുകാരുടെ ശീലമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇനി ലോകത്ത് സ്‌കോപ്പുള്ള നാട് മലപ്പുറമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം.

ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ! തങ്ങളെപ്പറ്റി ആരൊക്കെ മോശമായിപ്പറയുന്നുണ്ട്‌ എന്ന് കേട്ടാലും അത്‌ വെറും സ്കിന്നിൽ തട്ടിത്തെറിക്കുന്നത്‌ അതിന്റെ മനസ്സിനു കാൽപ്പന്തിന്റെ പുറംകട്ടി ആയതോണ്ടും കറങ്ങുന്ന ഭൂമിയുടെ ഉരുളിച്ച ആയതോണ്ടും ഖൽബിന്റെ ഉള്ളിൽ പന്തിന്റെ ഉള്ളിലെന്ന പോലെ പകയോ പരിഭവമോ “ഒന്നും” ഇല്ലാത്തതു കൊണ്ടും ആണു. “പോയി പണി നോക്കാം പറെ ” എന്നത്‌ ഞങ്ങളുടെ ഒരു സ്ലോഗൺ ആണു.അതേ സമയം വിവരമുള്ള ഏതൊരു ജീവിയും സ്നേഹത്തോടെ പറയുന്ന എന്തൊരു കാര്യവും ബോധ്യപ്പെട്ടാൽ ഹൃദയാ വഹിക്കുന്നവരുമാണു! എല്ലാ കാര്യങ്ങളും ബോധ്യപ്പെടുക കേവലം സയൻസിന്റെ പശ്ചാത്തലത്തിലൊന്ന്വല്ല.സയൻസടക്കം ‌ മനസ്സിലാവുന്നത്‌ വിശ്വാസബോധ്യങ്ങളുടെ തന്നെ വേറൊരു പശ്ചാത്തലത്തിൽ അല്ലേ‌! അതിനു തന്നെ വേറെ ഒരു പശ്ചാത്തലം ണ്ടാവും.പടച്ചോനേ..പശ്ചാത്തലം കൊണ്ട്‌ ചിരിം കളിം! അതിനൊക്കെ ഒറ്റവാക്കിൽ ലളിത വിശദീകരണം കൊടുക്കാൻ വരട്ടെ.ഈ ഭൂമിക്ക്‌ തന്നെ ആകെ കാൽ വയസ്സൊക്കെ അല്ലേ ആയ്ട്ട്ണ്ടാവ്വൊള്ളു.സമയണ്ടല്ലോ.തെരക്കൂട്ടണ്ട.

ഒരു കാര്യം ഇന്നലിം കൂടി തോന്നി. രാത്രി ഏറെ വൈകിയും പന്തുകളി കാണാൻ കവുങ്ങ്‌ തടിന്റെ ഗാലറി നെറച്ചും ആളുള്ളേടത്തോളം കാലം മലപ്പുറത്തിന്റെ ആ തനിസ്വഭാവത്തിൽ തരിമ്പും കുറവ്‌ വരാൻ പോകുന്നില്ല! ‘പുറം ലോകം’ കണ്ട്‌ വിവരം വെച്ചു എന്ന് സ്വയം കരുതുന്ന ഇന്നെപ്പോലത്തെ കുറച്ച്‌ മലപ്പുറത്തേരുണ്ട്‌.അവരാണു മലപ്പുറത്തെക്കുറിച്ച്‌ എന്തെങ്കിലും ആക്ഷേപകരമായി കേക്കുമ്പത്തേക്ക്‌ ‘പാനിക്‌’ ആകുന്നത്‌.മാണ്ടാത്ത സാധനം മേത്ത്‌ കേറി,അവരാരിൽ യഥാർഥ മലപ്രം കൊറച്ച്‌ കമ്മിയാവ്ണീന്റെ ലക്ഷണാണത്‌. ഒന്നുല്യ! ഒറിജിനൽ മലപ്പുറം ഇങ്ങൾ മനസ്സ്‌ കരുത്‌ണീനെക്കാളും എത്രയോ അധികം മാനത്ത്‌ കരുതുന്നവരാണു! ഇവിടെ വന്ന് കൊറച്ച്‌ കാലം എട കലർന്ന് , നെരിയാണിയൊപ്പം സ്വഫ്ഫൊപ്പിച്ച്‌ നിന്ന് മനസ്സിലാക്കേണ്ട കാര്യാണത്‌. മലപ്പുറം സൂപ്പർ ആണു! പിന്നെ,ചെല തഞ്ചക്കേടുകൾ ണ്ട്‌.ഇല്ല്യാന്നല്ല.’ലോകം കണ്ടോൽക്ക്‌ ‘അറിയ,അത്‌ ഏറ്റവും കൊറവ്‌ മലപ്പുറത്താണു ന്ന് ള്ളത്‌. പിന്നെ…ഈ വിവരും പുരോഗതിം ഒക്കെ ചടക്കുമ്പൊ ഇങ്ങക്ക്‌ കൊറച്ചെങ്കിലും‌ സുദ്ധവായു കിട്ടണം ന്ന് തോന്നൂലേ? അപ്പോ പോവാനൊരു സ്ഥലം മാണ്ടേ? “ജനിച്ച നാടിനപ്പുറത്ത്‌ തന്റേത്‌ എന്ന് തോന്നുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അവിടെയാണു പോകേണ്ടത്‌ ” എന്ന് ഏണസ്റ്റ്‌ ഹെമിംഗ്വേ പറഞ്ഞത്‌ ആഫ്രിക്കയെപ്പറ്റിയാണു! ആ ‘ആഫ്രിക്ക’ മലപ്പുറാണു! പോരെങ്ങക്ക്‌!? നോൺ വെജ്ജോ വെജ്ജോ എന്തോ അയ്ക്കോട്ടെ.വൈകാരികമായി നോക്ക്യാ ഒക്കെ കാക്കാമ്മാരും കാക്കച്ച്യാളും തന്നേണു ! അതൊരു പ്രത്യേക യോനർ ആണു ഭായികളേ! മേഭാഗം ഞെരടി നോക്കീറ്റ്‌ ങ്ങൾ അയ്ന്റെ ആയം അങ്ങനെ തീരുമാനിക്കണ്ട. മലപ്പുറം ആണു ഇനി ലോകത്ത്‌ സ്കോപ്പുള്ള ഒരു നാട്‌! അത്‌ പത്ക്കെ വരും! സ്ലോമോഷനിൽ പോസ്റ്റിന്റെ വലത്തേമൂലക്കെ വന്നെറങ്ങുന്ന ഒരു പന്താണത്‌! റീപ്ലേയിൽ ഇങ്ങക്കത്‌ വ്യക്തായി കാണ! സമയാവട്ടെ!

എല്ലാരോടും സ്നേഹം…

#Malappuram # football Gallary #waiting&lighting

 

Sharing is caring!